അവന് ആകാശങ്ങളിൽ നിന്ന്
മുഖങ്ങൾ തുറിച്ചു നോക്കുന്നത് കാണാം
വഴിയരികിലെ അരണ്ട വെളിച്ചമുള്ള കുടിലിൽ
തുറിച്ചു നോക്കുന്ന കുരുന്നു കണ്ണുകളിൽ
വർഷങ്ങൾ കാണാം

പുസ്തകങ്ങളിലെ വാക്കുകളിൽ നിന്ന്
കണ്ണീരൊലിക്കുന്നതും
വാക്കുകൾക്കിടയിലെ മുറിവുകളും കാണാം
ചില വാക്കുകളിൽ രക്തക്കറയുണ്ട്
ചിലതിൽ നിന്നും രക്തമുതിരുന്നു
ചിലപ്പോൾ വാക്കുകൾക്ക് തീ പിടിക്കുന്നതും
പുസ്തകം എരിയുന്നതും കാണാം
അവൻ പൊട്ടിച്ചിരിക്കുന്നു
പൊട്ടിക്കരയുന്നു

ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിലിൽ
വേദന വേരുകളിറങ്ങി വെള്ളം തേടുന്നു

അവന് കുപ്പയിൽ തിളങ്ങുന്ന രത്നങ്ങൾ കാണാം
കീറിയ വസ്ത്രങ്ങളിലൂടെ തുറിച്ചുനോക്കുന്ന സത്യം കാണാം

അർദ്ധ ചന്ദ്രൻ അവനെ വ്യാകുലനാക്കുന്നു
അവന് വാക്കുകളുടെ വേദനയറിയാം, പിറവിയുടെ വേദന

അവന്റെ ലഹരി ഒരു കുപ്പി മദ്യത്തിലോ
അധികാര പീഠങ്ങളിലോ അല്ല
അവന്റെ ശരീരം നിരന്തര ലഹരിയിലാണ്
ലഹരിയുടെ അമൂർത്ത, അനന്ത ഓംകാരം
അവനിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു

കാറ്റിന്റെ മൃദുല സ്പർശത്തിലവൻ
ആനന്ദ നിർവൃതിയിലാകുന്നു
കിതയ്ക്കുന്ന, ഭീതിത മുഖങ്ങളിലവൻ
നിഷ്കളങ്കതയുടെ ലഹരിയറിയുന്നു

അവന്റെ നൃത്തം ഒരു പാട്ടിൽ തുടങ്ങുകയോ, തീരുകയോ
ചെയ്യുന്നില്ല
അവന്റെയുള്ളിൽ നിരന്തരമായി ധ്വനിക്കുന്ന
അശ്രാവ്യ സംഗീതമുണ്ട്, താളമുണ്ട്

അവന് നക്ഷത്രങ്ങളിൽ മിന്നാമിനുങ്ങുകളെക്കാണാം
വാഹന വെളിച്ചത്തിൽ പാത കടക്കാൻ
കാത്തിരിക്കുന്ന തവളകളുടെ വേഗത അവൻ ഭയക്കുന്നു

നിലാവ് നിലത്ത് പായ വിരിച്ച്
അവനോടൊപ്പം ശയിക്കുന്നു

അവന്റെ സമയം നിങ്ങൾക്കപ്പുറത്താണ്

നടക്കുമ്പോൾ അവന് ഭൂമിക്കടിയിലെ നിലവിളികൾ കേൾക്കാം

അവൻ ഭൂമിയുടെ ഉപ്പാണ്

അവന്റെ വഴികൾ,
അവന്റെ ഭാഷ നിങ്ങളറിയുന്നില്ല

അവൻ കാണുന്നത് നിങ്ങൾ കാണുന്നില്ല.
—- സന്തോഷ്‌ കുമാർ കാനാ