അലസതയിലും ഊർജസ്വലതയിലും
രതിയിലും വിരക്തിയിലും
സ്ഥിരതയിലും പലായനത്തിലും
അനുരഞ്ജനത്തിലും പ്രതിഷേധത്തിലും
വാക്കിലും നിശ്ശബ്ദതയിലും
സ്വീകരണത്തിലും നിരാസത്തിലും
ആകര്ഷണത്തിലും നിസ്സംഗതയിലും
കാമാസക്തിയിലും വാത്സല്യത്തിലും
ആനന്ദത്തിലും വിഷാദത്തിലും
ആവേശത്തിലും ആശങ്കയിലും
അന്വേഷണത്തിലും സംതൃപ്തിയിലും
നേട്ടത്തിലും നഷ്ടത്തിലും
ഗോപ്യതയിലും സ്പഷ്ടതയിലും
അരാജകത്വത്തിലും അച്ചടക്കത്തിലും
മൂഢത്വത്തിലും വിവേകത്തിലും
മന്ദതയിലും ത്വരിതഗതിയിലും
സ്വരത്തിലും വ്യഞ്ജനത്തിലും
ആന്ദോളകം പോലെ സ്ഥിരതയിലും ചാഞ്ചല്യത്തിലും
ഉദയത്തിലും അസ്തമയത്തിലും
നിന്നിലും എന്നിലും
നാനാത്വത്തിലും ഏകത്വത്തിലും
വാക്കുകളിലും വാക്കുകൾക്കിടയിലും
ഹൃദയത്തിലും മസ്തിഷ്കത്തിലും
മൗനത്തിലും ഭാഷ്യത്തിലും
നിദ്രയിലും ജാഗ്രത്തിലും
സ്വപ്നത്തിലും ഉണ്മയിലും
അങ്ങിനെ വരകൾ കൊണ്ട് വേർതിരിക്കാനാകാത്ത അനേകം ഉൾപിരിവുകളുടെ
കടലുകളിലും, കരകളിലും
നീന്തിയും നിരങ്ങിയും ഞാൻ.
— സന്തോഷ് കാന /santhosh kana