എനിക്ക് അച്ഛനെ നഷ്ടപ്പെട്ടത്
റോഡപകടത്തിലല്ല
മാധ്യമങ്ങളിലോ, വാക്കുകളിലോ
പകർത്താൻ കഴിയുന്ന ദുരന്തങ്ങളിലല്ല.

തൊട്ടാവാടി തൊട്ടുപഠിപ്പിച്ച അച്ഛൻ,
മഴപ്പാറ്റകളെ ഓന്തുകൾ വിഴുങ്ങുന്ന കാഴ്ച
ചൂണ്ടി പഠിപ്പിച്ച അച്ഛൻ,
എന്റെ ആദ്യ പുസ്തകങ്ങളിൽ
എന്റെ പേര് ഹരിശ്രീ പോലെ കുറിച്ച അച്ഛൻ,
“അപ്പോം ചുട്ട്, അടയും ചുട്ട്…..” ഇളം കൈകളിലൂടെ
ചിരി പടർത്തിയ അച്ഛന്റെ കുട്ടിത്തം.

എന്നെ തൊടാനനുവദിക്കാത്ത
വർണബലൂണുകൾ പറക്കുന്ന ചിത്രമുള്ള മൊബൈലിൽ
അമ്മയുറങ്ങുമ്പോൾ
വീടിന്റെ പുറത്തും, കോണിലും
അലറി വിളിച്ചു അച്ഛൻ.
വിരലമർത്തി കണക്കുകൂട്ടുന്ന സന്ദേശങ്ങൾ.

അച്ഛൻ വിളികേൾക്കാത്ത ദൂരത്തായി.

അരികിലൂടെ അപരിചിതനായി കടന്നുപോകുന്നു.
ഫേസ്ബുക്കും, മൊബൈലും, രഹസ്യങ്ങളും ..!!
എന്റെ അച്ഛൻ??!!
നീല, പച്ച, ചുവപ്പ് നിറങ്ങൾ അച്ഛന്റെ മുഖത്ത് മാറി മാറി വന്നു.
പച്ചവേഷം, ചുവന്ന താടി…
ശ്ര്ൻഗാരം, രൗദ്രം, ഭയാനകം!!
ഡോറയുടെ പ്രയാണങ്ങളിലും,
ബുംബയോട് റ്റാറ്റ പറയാനും അച്ഛൻ കൂടെ വന്നില്ല
അച്ഛന്റെ സ്നേഹസ്പർശത്തിന്റെ റീ ചാർജ്‌
കാത്ത് നിലച്ച ബാറ്ററിയായി ഞാൻ.

അദൃശ്യങ്ങളായ അനേകം ദുരന്തങ്ങളിലാണ്
അച്ഛൻ എനിക്ക് നഷ്ടപ്പെട്ടത്.

എന്നെങ്കിലുമൊരിക്കൽ തിരിച്ചു വന്നാൽ
അച്ച്ഛാ, ഈ വാക്കുകളിലെ വേദനയറിയുക,
മോൾ.

—സന്തോഷ്‌ കുമാർ കാനാ