ഒരാള്‍ മരിക്കുമ്പോള്‍ എല്ലാ ഭാഷകളും നിശബ്ദമാകുന്നു.
സന്ധ്യാ നേരത്തെ ചീവീടുകളുടെ ശബ്ദം നാം ശ്രദ്ധിക്കുന്നു.
തെറ്റിപ്പോയ കണക്കു കൂട്ടലുകളുടെ ‘ഓഡിറ്റ്’ നടക്കുന്നു.
ഹൈപ്പോ’തെറ്റിച്ച’ വഴികളിലൂടെ നാം വൃഥാ സഞ്ചരിക്കുന്നു.

ഒരാള്‍ മരിക്കുമ്പോള്‍
കൂട്ടിക്കെട്ടിയ കാല്‍ വിരലുകളില്‍ സമാന്തര പഥങ്ങളവസാനിക്കുന്നു.
സാന്ത്വനങ്ങള്‍ നടന്നുപോയ വഴികളില്‍
നീണ്ട ശൂന്യ വീഥി ദൃശ്യമാകുന്നു.
അകലെ ഇരുട്ടില്‍ മുഖപ്പാളയിട്ട പനത്തലകള്‍
കാല ദര്‍ശികളായി നമ്മെ നോക്കുന്നു.

ഒരാള്‍ മരിക്കുമ്പോള്‍
ഒരു കവിത അപനിര്‍മിക്കപ്പെടുന്നു
ഒരു പുസ്തകം വായനക്കാരനിലെത്തുന്നു
തുറന്നാന്ത്യമുള്ള നോവലിന് ബഹു വ്യാഖ്യാനം.


ഒരാള്‍ മരിക്കുമ്പോള്‍
ഒരു ജാതകത്തിന്റെ വ്യാപാരം അവസാനിക്കുന്നു
അത് അപ്രസക്തമായൊരന്യഭാഷാ പുസ്തകം.


ഒരാള്‍ മരിക്കുമ്പോള്‍
ഒരു വെറും നീര്‍ക്കുമിള
അനന്ത ജലാശയത്തില്‍ നിശബ്ദമായപ്രത്യക്ഷമാകുന്നു.


ഒരാള്‍ മരിക്കുമ്പോള്‍
ഒരു പക്ഷേ,
വഴിവക്കിലെ വിസര്‍ജ്യം
ഉണങ്ങി മണ്ണോടു ചേര്‍ന്നില്ലാതാകുന്നു !!!
–സന്തോഷ്‌ കുമാര്‍ കാനാ