Kathmandu, Nepal. 12.08.2012
പ്രിയപ്പെട്ട അച്ഛനും, അമ്മയ്ക്കും,

ആറ്  ദിവസത്തെ യാത്ര കഴിഞ്ഞു ഇന്ന് പുലര്‍ച്ചെ ഒന്നര മണിക്ക് Kathmandu വില്‍ തിരിച്ചെത്തി. കേന്ദ്രീയ വിദ്യാലയങ്ങളുടെ റീജണല്‍ സ്പോര്‍ട്സ് മീറ്റ്‌-ല്‍ പങ്കെടുക്കാന്‍ നമ്മുടെ സ്കൂളിലെ ബാസ്കറ്റ് ബാള്‍ ടീമിനെയും കൂട്ടി (മൊത്തം 12 കുട്ടികള്‍) ബീഹാറിലെ ഭാഗല്പൂര്‍ (Bhagalpur) ജില്ലയിലെ കേന്ദ്രീയ വിദ്യാലയ കഹല്‍ഗാവ്-ലേക്കാണ് (Kendriya Vidyalaya, Kahalgaon) ഞാനും, നമ്മുടെ സ്കൂളിലെ ലാബ് അറ്റന്‍ഡന്റ് കൃഷ്ണാ ആര്യാലും (Krishna Aryal) ആഗസ്ത് 7 ന് വൈകുന്നേരം ബസില്‍ ഗോരക് പൂരേക്ക് (Gorakhpur) പുറപ്പെട്ടത്. രണ്ടു മിനി ബസുകളിലായി അമ്പതിനടുത്ത് കുട്ടികളും, എഴ് എസ്കോര്‍ട്ട് അധ്യാപകരും. ചിലര്‍ ഫുട്ബാള്‍ ടീമിന്റെ കൂടെ, ചിലര്‍ നീന്തല്‍, മറ്റു ചിലര്‍ ചെസ്സ്‌, അത്ലറ്റിക്സ് തുടങ്ങിയവ.

Kathmandu-വില്‍ നിന്ന് ഇന്ത്യാ അതിര്‍ത്തിയിലേക്ക് പത്ത് മണിക്കൂര്‍ റോഡ്‌ മാര്‍ഗം യാത്ര. ചുര സഞ്ചാരം വയനാടന്‍ യാത്രകളെ ഓര്‍മിപ്പിച്ചു. അവധിക്കാലങ്ങള്‍ക്ക് കാപ്പിയുടെയും ,യൂക്കാലിയുടെയും ഗന്ധമായിരുന്നു കുട്ടിക്കാലത്ത്. ചുരക്കാഴ്ചകള്‍ ആസ്വദിച്ചത് ഛര്‍ദിച്ചവശനായി അമ്മയുടെ മടിയില്‍ കിടന്നുറങ്ങി തീര്‍ത്ത അനേകം യാത്രകളുടെ, വര്‍ഷങ്ങളുടെ ഒടുവിലെപ്പോഴോ ആയിരുന്നു. എച്ച്. ഐ. എം. യു.പി സ്കൂളിന്റെ പ്രധാനാധ്യാപകന്റെ കസേരയിൽ നിന്നെഴുന്നേറ്റു വന്നച്ഛൻ എതിരേറ്റ നാളുകൾ. കാപ്പിയുടെ സുഗന്ധം അച്ഛന്റെതായി മാറി. ഇന്നും ആ സുഗന്ധം ആ സാന്നിധ്യമറിയിക്കുന്നു.
ബസ് ചുരം ഇറങ്ങുകയാണ്. 250 ൽ അധികം കിലോ മീറ്റർ ഉണ്ട് സൊനൗലി എന്ന അതിർത്തി പ്രദേശത്തെത്താൻ. യാത്രയുടെ വിരസതയെ വെല്ലാൻ ഭക്ഷണ സാധനങ്ങളും, പാട്ടുകളും സജീവമായി. ഒരു വശം വൻ മല നിരകളും, മറു വശം മുപ്പതോ, നാല്പതോ അടി താഴെ ത്രിശൂലി നദിയും. നല്ല ഒഴുക്കുണ്ട്. നദിക്കപ്പുറത്ത് കുന്നുകളിൽ ചിലയിടങ്ങളിൽ ഒന്നോ, രണ്ടോ വീടുകൾ കാണാം. അപ്പുറത്തേക്ക് കാൽ നട പോകാൻ തൂക്കു പാലം ഉണ്ട്. ത്രിശൂലി ഒരിടത്ത് “സേതി” എന്ന നദിയുമായി ചേർന്നു. ഒഴുക്കിന്റെ ശക്തി കണ്ടാൽ ഭയന്നു പോകും. ഈ നദിയിലാണ് കഴിഞ്ഞ വർഷം ബോട്ടിങ്ങിന് വന്നപ്പോൾ ഞാൻ എടുത്തു ചാടി നീന്തിയത് !! ചിത്വൻ (Chitwan) വന്യ മൃഗ സംരക്ഷണ കേന്ദ്രം കഴിഞ്ഞെവിടെയോ ഭക്ഷണത്തിന് നിർത്തി. ഞാൻ ഒരു ചായ മാത്രം കഴിച്ചു. ചായക്കടയ്ക്കരുകിൽ രണ്ടു സ്ത്രീകൾ ബീഡി വലിച്ചിരിക്കുന്നു. നദി കൂടെത്തന്നെയുണ്ട്, സമയം പോലെ.
പുലർച്ചെ 3.30 നാണ് അതിർത്തിയിലിറങ്ങിയത്. അതിർത്തി കവാടം തുറന്നിട്ടില്ല. അഞ്ചു മണി കഴിയും. സാധനങ്ങൾ ഇറക്കി എല്ലാവരും ചായ കുടിച്ചു. അഞ്ചു മണിയോടു കൂടി അതിർത്തി കടന്നു. അധികം ദൂരമൊന്നുമില്ല, നമ്മുടെ മജീദിന്റെ പീടികയിൽ നിന്ന് കൃഷ്ണഭവനിലേയ്ക്ക് നടക്കുന്നതു പോലെ!!! WELCOME TO INDIA എന്ന ബോർഡ് സ്വാഗതം ചെയ്തു. വീട്ടിലേയ്ക്കെന്ന പോലെ!! അവിടെ Pandey Travels എന്ന മിനി ബസും, ഒരു ജീപ്പും കാത്തു നില്ക്കുന്നു. പുറപ്പെട്ടു, ഗോരഖ് പൂരിലേയ്ക്ക്(Gorakhpur). ഗോരഖ് പൂർ യു.പി. യിലാണ്. 110 കിലോ മീറ്റർ യാത്ര ചെയ്യണം. ക്ഷീണിച്ചതിനാൽ എല്ലാവരും ഉറങ്ങി. ഇടയ്ക്കെഴുന്നേറ്റപ്പോൾ ചുറ്റും പച്ച പിടിച്ച നെല്പാടങ്ങൾ മാത്രം. വഴിയിലൊരിടത്ത് ചായ കുടിക്കാൻ നിർത്തി. ഗോരഖ് പൂരെത്തിയപ്പോൾ സമയം 7.45 a.m. HOTEL MALKIN ന്റെ മുന്നിൽ ബസ് നിർത്തി എല്ലാവരും ഇറങ്ങി സ്റ്റേഷനിലേയ്ക്ക് നടന്നു. രണ്ടാം നമ്പർ പ്ലാറ്റ്ഫൊമിലെ ഭക്ഷണ ശാലയിൽ പ്രാതൽ കഴിച്ച് പിരിഞ്ഞു. ഇനി ഓരോരുത്തർക്കും വിവിധ സ്ഥലങ്ങളിലേയ്ക്ക് പോകാം. Vaishali Express-ന്റെ എ.സി. കോച്ചിൽ ഞാനും, കൃഷ്ണാ ആര്യാലും പന്ത്രണ്ട് കുട്ടികളും ഇടം പിടിച്ചു. ഹാജിപൂരിലെയ്ക്കാണ് (Hajipur) യാത്ര. 250 കിലോ മീറ്റർ ദൂരം. അൽപനേരം ഉറങ്ങി.


ഉച്ചയ്ക്ക് രണ്ടര മണിയോടെ ഹാജിപൂരിലെത്തി. ബീഹാർ (Bihar). രണ്ടു വാഹനങ്ങളിലായി റോഡ്‌ മാർഗം പറ്റ്നാ റെയിൽവേ സ്റ്റേഷനിലേയ്ക്ക്. പത്തോ പതിനഞ്ചോ കിലോ മീറ്റർ ദൂരം വരും. ഡ്രൈവറോട് ധൈര്യപൂർവ്വം കയർത്തതിനാൽ സാമ്പത്തികമായി വലിയ പരിക്കൊന്നുമേൽക്കാതെ പറ്റ്നാ റെയിൽവേ സ്റ്റേഷനിലെത്തി (Patna Railway station). വൃത്തിയും, വെടിപ്പും തൊട്ടു തീണ്ടിയിട്ടില്ല. നല്ല തിരക്കുണ്ട്. waiting room-ൽ ലഗേജുകൾ ഇറക്കി വെച്ച് അല്പം വിശ്രമിയ്ക്കാൻ ശ്രമിച്ചു. തീരെ വൃത്തിയില്ലാത്തതിനാൽ അടുത്തുള്ള നളന്ദ എ.സി. ഭക്ഷണ ശാലയിൽ അഭയം തേടി. അടുത്ത ട്രെയിൻ രാത്രി ഒമ്പത് മണിയ്ക്കാണ്. അഞ്ചു മണിക്കൂർ കാത്തിരിപ്പ്!! നന്നേ വിശന്നതിനാൽ കുട്ടികൾ മത്സരിച്ച് ഭക്ഷിച്ചു. ഞാൻ പുറത്തിറങ്ങി അടുത്തുള്ള ഹനുമാൻ ക്ഷേത്രം നോക്കി നിന്നു. ദൂരങ്ങൾ അനായാസമായി താണ്ടിയ ജിതേന്ദ്രിയനായ സ്നേഹിതൻ, ശിഷ്യൻ, ഭക്തൻ. “മനോജവം മാരുത തുല്യ വേഗം…”.
ഭക്ഷണ ശാലയിൽ ഞങ്ങൾക്ക് ഭക്ഷണം വിളമ്പിയ വെയിറ്റരോട് കയർക്കേണ്ടി വന്നു. പെരുമാറ്റത്തിൽ മര്യാദ കാണിയ്ക്കാൻ അവനെ കോപത്തോടെ പഠിപ്പിക്കേണ്ടി വന്നു.
ഒമ്പത് മണിയ്ക്ക് പട്നയിൽ നിന്ന് ഭാഗൽപൂരിലെ കഹല്ഗാവിലേയ്ക്ക്, കൽക്കത്ത വരെ പോകുന്ന പൂർബാഞ്ചൽ എക്സ്പ്രെസ്സിൽ കയറി. കുട്ടികളെ അവരവരുടെ സ്ഥാനത്ത് കിടത്തി ഞാൻ അല്പം മയങ്ങി. പക്ഷെ, നന്നായി ഉറങ്ങാൻ കഴിഞ്ഞില്ല. ഇത് ബീഹാറാണ്, എന്തും സംഭവിയ്ക്കാം!! രാത്രി ഒന്നര രണ്ടു മണിയോട് കൂടി ഞാൻ ഉണർന്നിരുന്നു. ഭാഗൽ പൂരിൽ 1980 ൽ നടന്ന ആസിഡ് ആക്രമണത്തെപ്പറ്റി പ്രകാശ് ജ്ഹായുടെ “ഗംഗാ ജൽ” എന്ന സിനിമയിൽ പ്രതിപാദിയ്ക്കുന്നുണ്ട്.
ട്രെയിൻ കഹൽ ഗാവിലെത്താൻ പുലർച്ചെ മൂന്നു മണി കഴിയും. ഭാഗല്പൂർ എത്തിയപ്പോൾ കുട്ടികളെ വിളിച്ചുണർത്തി. ഏകദേശം നാല് മണിയോട് കൂടി സ്റ്റേഷനിൽ ഇറങ്ങി. നമ്മുടെ ചെറുവത്തൂരൊക്കെ പോലെ ഒരു ചെറിയ സ്റ്റേഷൻ. വേണ്ടത്ര വെളിച്ചമില്ല. ഓട്ടോക്കാരോട് പോകാനുള്ള സ്ഥലം ചോദിച്ചപ്പോൾ വലിയ തുക ആവശ്യപ്പെട്ടു. പെട്ടെന്നാണ് അടുത്ത് നിർത്തിയിരുന്ന NTPC യുടെ ബസ് ശ്രദ്ധയിൽ പെട്ടത്. കഹൽഗാവ് NTPC Township (Kahalgaon NTPC Township) ആണ്. അതിനകത്താണ് കേന്ദ്രിയ വിദ്യാലയം. ആ ബസിൽ കയറി. ഒരാൾക്ക് ഒരു രൂപ മാത്രം.
സെക്യൂരിറ്റി ഗാർഡ് താമസിയ്ക്കാനുള്ള ക്ലാസ് മുറി കാണിച്ചു തന്നു. കിടക്കയും, തലയിണയും മറ്റുമുണ്ട്. വേഗം കിടന്നുറങ്ങി. രാവിലെ എട്ടു മണിയോടുകൂടി ഉദ്ഘാടന പരിപാടികൾ ആരംഭിച്ചു. സ്കൂളിലെ പ്രിൻസിപ്പൽ ശ്രീ പാണ്ഡെ ഞങ്ങളെ സ്നേഹത്തോടെ എതിരേറ്റു.
ഞങ്ങളുടെ ടീമിന്റെ മത്സരം വൈകീട്ട് ആറ് മണിയ്ക്കെയുള്ളൂ. പ്രാതൽ കഴിച്ച് ഞങ്ങൾ മുറിയിൽ വന്ന് വിശ്രമിച്ചു. മൂന്നു ദിവസത്തെ മത്സരങ്ങൾ കഴിഞ്ഞ് പതിനൊന്നാം തീയതി ഉച്ചയ്ക്ക് രണ്ടു മണിയോടു കൂടി തിരിച്ച് യാത്ര പുറപ്പെട്ടു. ഫൈനലിൽ ഞങ്ങളുടെ ടീം ആറ് പോയിന്റിനാണ് തോറ്റത്. മത്സര സമയത്തും മറ്റും ഞാൻ കാണിച്ച കായിക താല്പര്യം എന്നെ ടീമിന്റെ കൊച്ചാണെന്ന് വരെ പലർക്കും തോന്നിച്ചു. അമ്മയുടെ പരിശീലനത്തിൽ കപ്പുകളും, മെഡലുകളും നേടിയ കുട്ടികളെ ഓർത്തു. സ്കൂളിന് വേണ്ടി അമ്മയൊഴുക്കിയ വിയര്പ്പിന്റെ ഗന്ധം എന്റെ സ്കൂൾ കാലത്തെ സായാഹ്ന ഓർമയാണ്. അന്നൊക്കെ വൈകുന്നേരങ്ങളിൽ അമ്മ സ്കൂളിൽ നിന്നെത്തുമ്പൊഴെയ്ക്കും വീട് മുഴുവൻ ചൂലുകൊണ്ട് അടിച്ചു വൃത്തിയാക്കി, രണ്ടു കപ്പ് ചായയും ഉണ്ടാക്കി ഞാൻ കാത്തിരുന്നിരുന്നു. അമ്മ പഠിപ്പിച്ച ആ ശീലങ്ങൾ എത്ര വലിയ നന്മകളാണ്‌ എന്ന് എപ്പോഴും ഓർക്കുന്നു.
കൃഷ്ണ ജന്മാഷ്ടമി ദിവസം രാവിലെ രണ്ടു വണ്ടികളിലായി “വിക്രം ശില” യൂനിവേർസിറ്റിയുടെ അവശിഷ്ടങ്ങൾ സന്ദർശിച്ചു. പിന്നെ അവിടെ നിന്നല്പം മാറി ഉത്തര വാഹിനിയായ ഗംഗയുടെ കരയിൽ  “ജാനകി രാം” മന്ദിർ സന്ദര്ശിച്ചു. അച്ചടക്കമില്ലാതൊഴുകുന്ന ഭീകരമായ ഗംഗയുടെ കാഴ്ച വെള്ളപ്പൊക്കത്തിലൊടുങ്ങിയ വയലുകളുടെ പ്രതീതിയാണ് ഉണർത്തിയത്. ആയിരക്കണക്കിന് കുട്ടികൾ പഠിച്ചതും, നൂറു കണക്കിന് അധ്യാപകർ വിദ്യ പകർന്നതുമായ എട്ടാം നൂറ്റാണ്ടിലെ ഒരു മഹത്തായ, ബൃഹത്തായ സർവകലാശാലയെ വിഴുങ്ങിയ സമയത്തിന്റെ നദിയെപ്പോലെ!! കാള വണ്ടിയും, കുതിര വണ്ടിയും, ഇഷ്ടിക നിർമാണ ശാലകളും, ഇഷ്ടിക വിദഗ്ധമായി മോഷ്ടിക്കുന്നവരും, പശുത്തൊഴുത്തുകളും, നഗ്നരായി തോടുകളിൽ എടുത്തു ചാടി നീന്തുന്ന കുട്ടികളും. യാത്ര റോഡിലൂടെ മാത്രമല്ല, ബീഹാറിന്റെ സിരകളിലൂടെയാണ്. റോഡിലൂടെ, പാളങ്ങളിലൂടെ ചക്രങ്ങൾ മാത്രമാണ് സഞ്ചരിക്കുന്നത്. മനസിന്റെ ചക്രങ്ങൾക്ക് വേർതിരിച്ച പാതകളില്ല. അവ സമയത്തിന്റെ നദിയെപ്പൊലെ, ത്രിശൂലിയെപ്പോലെ, ഗംഗയെപ്പോലെ സംസ്കാരങ്ങളിലൂടെ നിർവിഘ്നം, നിരന്തരം പ്രവഹിയ്ക്കുന്നു, സഞ്ചരിക്കുന്നു.
NTPC യിലെ സബ് എന്ജിനീയരായ ശ്രീ പ്രദീപ്‌ കുമാറിന്റെ ക്വാർട്ടെഴ്സിൽ പ്രാതലിന് എനിക്ക് ക്ഷണം ലഭിച്ചു. പ്രദീപ്ജിയുടെ ഭാര്യ ഒരുക്കിയ റവ ഇഡ്ഡലിയുടെയും, സാമ്പാറിന്റെയും രുചിയേക്കാൾ ഒട്ടും കുറഞ്ഞില്ല അദ്ദേഹത്തിന്റെ പിതാവിന്റെ നിരന്തര സംസാരത്തിലെ നിത്യ യൗവന ഊർജം. “കാന” യെ സ്വാഗതം ചെയ്തു കൊണ്ട് ഒരു ഭക്തി ഗീതം ആ കോളനിയിലെ ഉച്ച ഭാഷിണിയിൽ നിന്നുയർന്നത്‌ ഒരു മധുര യാദൃശ്ചികത. “കാന്ഹ” എന്നാൽ  സാക്ഷാൽ  ശ്രീ കൃഷ്ണൻ ആണല്ലോ ഉത്തരേന്ത്യയിൽ.
Township നകത്തെ Indian Coffe House ൽ കാപ്പിയും, മസാല ദോശയും കഴിച്ചതും, സെന്റ്‌ ജോസഫ്‌ സ്കൂളിലെ മലയാളി അദ്ധ്യാപകൻ എന്നെ കാണാൻ സ്കൂളിലെത്തിയതും കടുത്ത ചൂടുള്ള ബീഹാറിന്റെ കാലാവസ്ഥയിലെ സ്നേഹ വർഷമായിരുന്നു.
പതിനൊന്നാം തീയതി റെയിൽവേ സ്റ്റേഷനിലെയ്ക്ക് പോകാൻ ഒരു ബസ് പ്രിൻസിപ്പൽ സർ ഏർപ്പാടാക്കി തന്നു. കഹല്ഗാവ് സ്റ്റേഷനിൽ നല്ല തിരക്കുണ്ട്. ഹൌറ – പട്ന ഇന്റർ സിറ്റി എക്സ്പ്രസ്സ്‌ മൂന്നര മണിയോട് കൂടിയെത്തി. എ സി ചെയർ കാറിലായിരുന്നു ഞങ്ങളുടെ ബുക്കിംഗ്. എല്ലാ സീറ്റിലും ടിക്കറ്റില്ലാതെ ആളുകൾ കയറി ഇരിക്കുന്നു!!! കുട്ടികൾ അപേക്ഷിച്ചിട്ടും എഴുന്നേൽക്കാതെ വന്നപ്പോൾ ബലം പ്രയോഗിച്ച് എനിയ്ക്കത് ചെയ്യേണ്ടി വന്നു. ഭാഗൽ പൂരിലെത്തിയപ്പോൾ ഒരു കുട്ടിയുടെ ബന്ധു കൊടുത്തയച്ച ഭക്ഷണ സാധനങ്ങൾ ഞങ്ങളുടെ കോച്ചിന്റെ വാതിലിൽ ഞാൻ സ്വീകരിച്ചു.
പട്നയിൽ എത്തുമ്പോൾ രാത്രി പതിനൊന്നര കഴിഞ്ഞിരുന്നു. തീരെ സുരക്ഷിതമല്ല എന്ന് തോന്നിയ്ക്കുന്ന സ്ഥലം. ഒരു കുട്ടിയുടെ ബന്ധു രണ്ടു വാഹനങ്ങൾ ഞങ്ങൾക്കായി അയച്ചിരുന്നു. കാരണം പട്നയിൽ നിന്ന് രാത്രി തന്നെ ഹാജിപൂരിലെയ്ക്ക് റോഡ്‌ മാർഗം പോകേണ്ടതുണ്ട്. ഞങ്ങളെ നേരിടാൻ വന്ന ഒരു ഗുണ്ടാ സംഘത്തിന്റെ കയ്യിൽ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു എന്നു പറയാം. ഹാജിപൂരിൽ എത്തിയത് രാത്രി പന്ത്രണ്ടര മണിയോടെയാണ്. ഗോരഖ് പൂരിലെയ്ക്കുള്ള ഞങ്ങളുടെ ട്രെയിൻ രാത്രി രണ്ടര മണിയ്ക്കാണ്. സ്ലീപ്പർ ക്ലാസിലാണ് ബുക്കിംഗ്. ഞങ്ങളുടെ ബെർത്തിൽ കിടന്നുറങ്ങുന്നവരെ ഉണർത്തി ഇടം പിടിച്ചു.
രാവിലെ എട്ടു മണിയോടടുത്താണ് ഗോരഖ്പൂരിൽ എത്തിയത്. മറ്റു ടീമുകളും, അധ്യാപകരും അവിടെ കാത്തു നിൽക്കുന്നു. ആശ്വാസമായി. പ്രാതലിനു ശേഷം 110 കിലോ മീറ്റർ ദൂരെയുള്ള സുനൌളിയിലേയ്ക്ക്. പതിനൊന്നരയോടെ സുനൌളിയിലെത്തി. ഊണ് കഴിച്ച് കാട്മണ്ടു വിലെയ്ക്കുള്ള ബസിൽ കയറി. അതിർത്തി കടന്ന് നേപ്പാളിലേയ്ക്ക്.

ബസിൽ മുഴങ്ങിയ നേപ്പാളി നാടൻ പാട്ടുകൾ വിദൂര പർവതങ്ങളെ അടുപ്പിച്ചു. കാലാവസ്ഥ തണുത്തു വന്നു. വീണ്ടും ത്രിശൂലിയും, സേതിയും സംഗമിച്ചു. കുന്നുകളിൽ മേഘങ്ങൾ പലയിടത്തായി തങ്ങി നിന്നു. “അത് ആന ചോറുണ്ടാക്കുന്നതിന്റെ പുകയാണ്” എന്ന് ഗൂഡലായിലെ ഉമ്മറത്ത്‌ വെച്ച മരപ്പത്തായത്തിന്റെ മുകളിലിരുന്ന് ഒരു മധ്യാഹ്നത്തിന്റെ ആലസ്യത്തിൽ അച്ഛൻ പറഞ്ഞതോർക്കുന്നു.
Kathmandu വിലെത്തിയപ്പോൾ രാത്രി ഒരു മണി. പ്രിൻസിപ്പൽ മാഡവും, ചില രക്ഷിതാക്കളും കാത്തു നില്ക്കുന്നു. എല്ലാവരെയും സുരക്ഷിത സ്ഥാനത്തെയ്ക്കയച്ച് വീട്ടിലേയ്ക്ക് നടന്നു. യാത്രയുടെ ഗന്ധമുള്ള വസ്ത്രങ്ങൾ പുറത്തെടുത്ത് ബാഗ് കാലിയാക്കി. ഉറങ്ങാൻ കിടന്നു.
കത്തെഴുതാം എന്ന് തോന്നി. നാട്ടിലെല്ലാവർക്കും സുഖമല്ലേ. അമ്മയുടെ കാലിന്റെ വേദന മാറിയോ? എല്ലാവരോടും അന്വേഷണം പറയുക.
തത്കാലം നിർത്തുന്നു .
——സന്തോഷ്‌ കുമാർ കാനാ (a travelogue from Nepal to Bihar in the form of a letter to parents)