വിടുതലിനായി വെമ്പുന്ന കൈകൾ കൊണ്ട് കുന്നുകൾ വരച്ചു

വിഷാദത്തിന്റെ നിറം കൊണ്ടാകാശവും

നിലകാണാതെ താഴുന്ന ഹൃദയം കൊണ്ട് അസ്തമയ സൂര്യനെ വരച്ചു

അദൃശ്യമായ അടിയൊഴുക്കുകൾ കൊണ്ട് നദി വരച്ചു

മറുകരയുടെ പ്രത്യാശകൊണ്ട് തോണി വരച്ചു

കൂടണയാൻ വെമ്പുന്ന ചിറകുകൾ കൊണ്ട് പക്ഷികളെ വരച്ചു

തളരുന്ന കാലുകൾക്കഭയമായി ഒരു കുടിലും വരച്ചു.

കുടിലിനു മുന്നിൽ

അമ്മയുടെ കൈപിടിച്ച് ഒരു കുട്ടി നിന്നു,

അപൂർണമായ ചിത്രം പോലെ

-സന്തോഷ് കാനാ (Santhosh Kana)