അവഗണിക്കപ്പെടലിന്റെ കാലമാണിത്

വാക്കും, ചലനവും, കാഴ്ചയും, സാന്നിധ്യവും, കാരുണ്യവും
എല്ലാം…..
ഇടയ്ക്കിടെ നിലച്ചു പോകുന്ന എന്റെ ക്ലോക്ക് പോലെ
ഞാനും
അല്പാല്പമായി,
അല്പനേരത്തേയ്ക്ക്മാത്രം ജീവൻ വെയ്ക്കുന്നു.

വല്ലപ്പോഴും തുറക്കപ്പെടുന്ന ഒരു വീട് പോലെ
ഞാൻ പൊടി പിടിച്ച് കിടക്കുന്നു.

എല്ലാം ചെലവഴിക്കപ്പെടും…
സന്തോഷവും, ദു:ഖവും
പാപവും, പുണ്യവും.

അനന്തമായ ദുർഘട വ്യൂഹം പോലെ,
മാന്ത്രികന്റെ മാറി മാറി തുറക്കുന്ന ശൂന്യമായ
ചെപ്പുകൾ പോലെ
എന്റെ കാലം.

ഓരോ ചുവരിലും എത്തിപ്പിടിച്ച്
വഴുതി വീണ് പരിക്കേൽക്കുന്നു
ഓരോ പുതിയ സ്വപ്നവും
മുറിവേൽപ്പിച്ച്
എന്നെ നോക്കി ചിരിക്കുന്നു
പരിഹസിക്കുന്നു !!
— സന്തോഷ്‌ കുമാർ കാനാ