ലോഹിതാക്ഷന്‍ പ്രീഡിഗ്രി പാസായി.
ബിരുദത്തിന് സാഹിത്യമെടുത്ത് പഠിക്കാനാണ് അവന്‍ നിര്‍ബന്ധിക്കപ്പെട്ടത്‌ .
ധാരാളം പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി.
ലൈബ്രറിയിലെ സ്ഥിരം സന്ദര്‍ശകനായി.

പെട്ടെന്നാണ് അവന് ഛര്‍ദി പിടിപെട്ടത്‌. അനിയന്ത്രിതമായ ഛര്‍ദി.
എവിടെ രണ്ടു മൂന്നു പേര്‍ കൂടിയിട്ടുണ്ടോ അവിടെ ഛര്‍ദിക്കും.

ഒരു ദിവസം ഒരു ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടി വന്നു. അവിടെയും വന്നു ഭീകരമായ ഛര്‍ദി.
പക്ഷെ, ഛര്‍ദിയില്‍ അവന് യാതൊരു ബുദ്ധിമുട്ടും തോന്നിയില്ല. മറിച്ച് അത് തന്റെ വ്യക്തിത്വത്തെ
വ്യത്യസ്തമാക്കുന്ന ഒന്നായി അവന്‍ കരുതി.

പിന്നീടാണ് അവന്‍ അറിഞ്ഞത് അവന്റെ കൂടെ പഠിക്കുന്ന ചിലര്‍ക്കും ഛര്‍ദിയുണ്ടെന്ന്.

അവര്‍ ഒന്നിച്ചുകൂടി ഛര്‍ദിച്ചു. ഛര്‍ദിയില്‍ ആനന്ദം കൊണ്ടു.

ലോഹിതാക്ഷന്‍ ഒരു ദിവസം ഒരു ഡോക്ടറെ കണ്ടുമുട്ടി.
ഡോക്ടര്‍ അവനെ ഉപദേശിച്ചു :
“ദഹനം ശരിയാവാത്തത് കൊണ്ടാണ് . അതുമിതും വാരിവലിച്ചു തിന്നരുത്. നന്നായി ദഹിക്കണം.”

ലോഹിതാക്ഷന്‍ ഡോക്ടറുമായി നിരന്തരം ബന്ധപ്പെട്ടു.
അവനില്‍ വലിയ മാറ്റമുണ്ടായി.
ഛര്‍ദി മാറി. വീട്ടിലിരുന്ന് മൌനമായി വല്ലതും വായിച്ചിരിക്കും. എന്തെങ്കിലും കുത്തിക്കുറിക്കും.
ഛര്‍ദിക്കുന്നവരുടെ കൂട്ടത്തില്‍ നിന്നും വിനയത്തോടെ പിന്മാറും.

ഛര്‍ദിക്കുന്നവരുടെ പടങ്ങള്‍ പത്രങ്ങളിലും, മാസികകളിലും അടിച്ചു വന്നു. ലോഹിതാക്ഷന്‍ ചിരിച്ചു കൊണ്ട് അവ നോക്കും.

ഡോക്ടറും, ലോഹിതാക്ഷനും നടന്നു. ദഹനത്തിന്റെ മൂര്‍ത്ത രൂപങ്ങളായി, ഛര്‍ദിയുടെ മൂക സാക്ഷികളായി.
— സന്തോഷ്‌ കുമാര്‍ കാനാ