ചില ദിവസങ്ങളിൽ ഞാൻ
ഘോഷാഘോഷങ്ങളവസാനിച്ച
നിശ്ചല തിരശീലയാണ്
കുസൃതികളുടെ ബാല്യകാലം കലക്കി മറിച്ച
ഗ്രാമക്കുളത്തിന്റെ ശാന്തത
പ്രചണ്ഡമായി അലകൾ തലതല്ലി ചിതറുന്ന പാറക്കെട്ട്

ചിലനേരത്ത് പ്രതിധ്വനി നിബിഡമായ കെട്ടിടം
ചിലപ്പോൾ മായ്ച്ചു വൃത്തിയാക്കിയ ബ്ളാക് ബോർഡ്
ചായങ്ങൾ മാഞ്ഞുപോയ കാൻവാസ്‌

ചില ദിവസങ്ങളിൽ ഞാൻ ചെറുകാറ്റിൽപോലും
ആടിയുലയുന്ന വൃക്ഷ ശാഖയാണ്
ചിലപ്പോൾ കൊടുങ്കാറ്റിൽ പോലും കടപുഴകാത്ത
മരം

ചില സമയങ്ങളിൽ ഞാനൊരു വാതിൽ ചട്ടം
എന്നിലൂടെ നിങ്ങളും, നിമിഷങ്ങളും
മുറിവേൽപ്പിക്കാതെ തുളഞ്ഞു പോകുന്നു
ചിലപ്പോൾ ഞാൻ വാക്കും, ശബ്ദവും, നിറവും, ചലനവും
നിറയുന്ന മുഖപുസ്തക ചുവരാണ്
ചിലപ്പോൾ മരിച്ചുപോയവന്റെ പാസ്‌വേഡ്

നിശ്ശബ്ദതകൾക്കും, ഒച്ചകൾക്കുമിടയിൽ
നിശ്ചലതകൾക്കും, ചലനങ്ങൾക്കുമിടയിൽ
കൂടിച്ചേരലിനും, ഏകാന്തതകൾക്കുമിടയിൽ
എവിടെയോ ഞാനുണ്ട്

ലഭ്യതയ്ക്കും, നഷ്ടങ്ങൾക്കുമിടയിൽ
തിരിച്ചുവരവിനും, പലായനത്തിനുമിടയിൽ
ഉണ്ടെന്നതിനും, ഇല്ലെന്നതിനുമിടയിൽ
എവിടെയോ ഞാനുണ്ട്.
-സന്തോഷ് കാന(santhosh kana)