നീ തന്ന ഉണങ്ങാത്ത മുറിവിൽ വിരൽ മുക്കിയാണ്
ഞാനെഴുതുന്നത്
പൊക്കിളുണങ്ങാത്ത കുട്ടി
കടൽക്കരയിൽ കരഞ്ഞലയുന്നുണ്ട്
പറയാതെ വച്ച വാക്കുകൾ നിന്നെ തിരയുന്നുണ്ട്
നിന്റെ ഓർമകളുടെ കടലിൽ
എന്റെ ഹൃദയത്തിന്റെ കപ്പൽച്ചേതം
നീയല്ലാതായ നിന്നെ
വിസമ്മതിച്ച്‌
താരതമ്യങ്ങളിൽ ഞാൻ തകരുന്നുണ്ട്
എത്ര ആവർത്തി നിരസിച്ചാലും
നീ തന്നെയെന്നാവർത്തിച്ച്
ഞാൻ
നരച്ച ചിത്രങ്ങളിൽ തലോടി
പരിഹസിക്കപ്പെടുന്നുണ്ട്
ലോകത്തിന്റെ ഏതോ ഒരു മൂലയിൽ ഞാൻ
എന്നും
നിന്നെ ഉരുവിടുന്നുണ്ട്
—സന്തോഷ് കാന