നീ വരുമ്പോൾ സ്വപ്നങ്ങളുടെ വിത്തുകൾക്ക്
ഉർവരഭൂമി ലഭിയ്ക്കുന്നു

നീ വരുമ്പോൾ പ്രണയം വിദ്യുച്ഛക്തി പോലെ
ഉടനീളം പ്രവഹിയ്ക്കുന്നു
അസുലഭ ശക്തി പ്രവാഹം

ആചാര, വിചാരങ്ങൾക്ക് തീപിടിയ്ക്കുന്നു

നീ വരുമ്പോൾ ഞാനുണരുന്നു
എന്റെ വാക്കുകൾ ഉണരുന്നു
എനിയ്ക്ക് ചിറക് മുളയ്ക്കുന്നു

കാറ്റിലലയുന്ന പട്ടത്തിന് ലക്ഷ്യ ഹസ്തം ലഭിയ്ക്കുന്നു

നീ വരുമ്പോൾ എന്റെ വഴികളിൽ വെളിച്ചം പരക്കുന്നു
കാറ്റിൽ പറന്നടിയാനിരിയ്ക്കുന്ന മേല്ക്കൂരയ്ക്ക് ഭൂസ്ഥിരത ലഭിയ്ക്കുന്നു

നീ വരുമ്പോൾ മാത്രമാണ് ഞാൻ ജീവൻ വെയ്ക്കുന്നത്

പക്ഷിക്കുഞ്ഞുങ്ങൾ അമ്മയുടെ വരവിൽ
വൃക്ഷത്തലപ്പിലെ കൂട്ടിൽ ഹർഷാരവം മുഴക്കുംപോലെ…

നീ വരുമ്പോൾ
എല്ലാം അതിന്റെ ഉണ്മയാകുന്നു.
—-സന്തോഷ്‌ കുമാർ കാനാ