ആദ്യം ഒരു കൊമ്പു മുറിച്ചപ്പോൾ
വൈദ്യുതി ലൈനിൽ നിന്നും രക്ഷക്കെന്നവർ വിശ്വസിപ്പിച്ചു
വീണ്ടും മുറിച്ചപ്പോൾ
തഴച്ചുവളരാനെന്നും.
അതേ സമയം മരത്തിന് വെള്ളമൊഴിക്കാനും
അവർ ഒരു ജോലിയുമില്ലാത്ത ചിലരെ ഏർപ്പെടുത്തി !!
ഒഴിവു നേരത്തവർ കൊമ്പുകളെയും
മരത്തെയും രഹസ്യമായി പരിഹസിച്ചു
മണ്ണിനടിയിലൂടെ ആരും കാണാതെ
പരന്നു പോകുന്ന വേരുകളെ നിരീക്ഷിച്ചു, പിന്തുടർന്നു
വേരുകൾ പിഴുതെറിയാൻ തുടങ്ങി
അച്ഛനും അമ്മയ്ക്കും രക്ഷകരായി
വാർദ്ധക്യത്തിന്റെ സഹജബാല്യസ്വഭാവം
മുതലെടുത്തു
അവസാനത്തെ വേരും പിഴുതെറിയുമ്പോഴേക്കും
അവർ നട്ട മാവിന്റെ കൊമ്പിലേക്കാരോ കല്ലെറിഞ്ഞു !!
-സന്തോഷ് കാന