എല്ലാ സ്ഥലങ്ങള്‍ക്കും ഒരു പൊതു സാംസ്കാരിക കേന്ദ്രമുണ്ടാകും. രാഷ്ട്രീയ, സാമൂഹിക, കുടുംബ ചര്‍ച്ചകള്‍, പരദൂഷണങ്ങള്‍ എല്ലാം സമ്മേളിക്കുന്ന ഒരിടം. വടക്കേ മണക്കാട്ട് മജീച്ചയുടെ (ടി.പി.മജീദ്‌) പീടിക ഇപ്പോഴത്തെ സാംസ്കാരിക വേദി വരുന്നതിന് മുമ്പ് അങ്ങിനെ ഒരിടമായിരുന്നു. ഫേസ്ബുക്ക് ചുമരുകള്‍ വരുന്നതിന് മുമ്പ് നാം നമ്മുടെ ചര്‍ച്ചകള്‍, ചിന്തകള്‍ പതിച്ച ചുവരായിരുന്നു മജീച്ചയുടെ പീടിക. തൊട്ടടുത്ത് വായനശാലയുണ്ടായിരുന്നെങ്കിലും മജീച്ചയുടെ പീടിക വായനശാലയിലെ വലിയ ഉച്ചഭാഷിണിയെക്കാളും വേഗത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്ന ഇടമായിരുന്നു.  പല കൊടുക്കല്‍ വാങ്ങലുകള്‍ നടന്ന സ്ഥലം. തര്‍ക്കങ്ങള്‍, പരിഹാരങ്ങള്‍ എല്ലാം ആ തിണ്ണയ്ക്ക് ജീവന്‍ പകര്‍ന്നു.ഒരു ചെറു പുഞ്ചിരിയോടെ തന്റെ കടയെ ഒരു ടി.വി ചാനല്‍ പോലെ തുറന്നു വെച്ച് ചര്‍ച്ചകളെ ചലിപ്പിച്ചും, നിയന്ത്രിച്ചും മജീച്ചയിരുന്നു. ആരുടെയെങ്കിലും വീട്ടില്‍ പാമ്പ്‌ കയറിക്കൂടിയാല്‍, കിണറില്‍ പാത്രം വീണാല്‍ തുടങ്ങി ചെറുതും, വലുതുമായ വിഷമ ഘട്ടങ്ങളിലൊക്കെ ഖസാക്കിലെ മൊല്ലാക്കയെ വിളിച്ചതുപോലെ ഞങ്ങള്‍ ആദ്യം വിളിച്ചിരുന്ന പേര് മജീച്ചയുടെതായിരുന്നു. ആദ്യ ഹെല്പ് ലൈന്‍ നമ്പര്‍ മജീച്ചയുടെതായിരുന്നു. അമ്പലത്തില്‍ പ്രാര്‍ത്ഥന നേരുന്ന മജീച്ചയുടെ കാഴ്ച ഏറെ കൌതുകമുള്ളതായിരുന്നു.

ഒരു വ്യക്തിയും, കുടുംബവും സ്ഥലം മാറിപ്പോകുന്നതു പോലെയായിരുന്നില്ല മജീച്ചയുടെ താമസം മാറ്റല്‍. ആ പീടിക വിറ്റ് കൊടക്കാട്ടേയ്ക്ക് മജീച്ച പോയത് വടക്കേ മണക്കാടുകാരെ വല്ലാതെ വേദനിപ്പിച്ച ഒന്നായിരുന്നു. ആ വേദനിച്ച മനസുകളിലൊന്ന് എന്റെതുമായിരുന്നു. എന്തോ “നിങ്ങളുടെ തീരുമാനം ശരിയായില്ല” എന്ന് മജീച്ചയോട് പറയാന്‍ തോന്നി. പക്ഷെ, “മജീച്ച ഈടത്തന്നെ നിക്കൂ…പോണ്ടാ” എന്നു മാത്രമേ വാക്കുകളായി പുറത്തു വന്നുള്ളൂ. എന്തോ ഒരു നഷ്ടം ആ മുഖത്ത് ഞാന്‍ വായിച്ചറിഞ്ഞു. എവിടെയോ തന്റെ തീരുമാനം തെറ്റായോ എന്ന ചോദ്യം മജീച്ചയെ അലട്ടിയിരുന്നോ എന്ന് സംശയിക്കുന്നു. ഞങ്ങള്‍ക്കും ആ ഒരാളും, ഒരു ഒഴിഞ്ഞ പീടികയും വല്ലാത്ത നഷ്ടബോധമുണ്ടാക്കി.ഒരു കേന്ദ്രം നഷ്ടപ്പെട്ടപോലെ!! അതേ സമയത്തു തന്നെയാണ് വടക്കേ മണക്കാട്ടെ വായനശാലയും പൊളിക്കുന്നത്.

അരക്ഷിതാവസ്ഥ ഉണ്ടാക്കിയ ഈ രണ്ടു സംഭവങ്ങളില്‍ നിന്നും അല്പം മോചനം ലഭിക്കുന്നത് സാംസ്കാരിക വേദി സജീവമായപ്പോഴാണ്. എങ്കിലും മജീച്ചയുടെ പീടികയിലെ ചര്‍ച്ചകളുടെ അനൗദ്യോഗിക ആര്‍ദ്രത നഷ്ടമായിത്തന്നെ നില്ക്കുന്നു.
മജീച്ച, ഞങ്ങള്‍ അന്ന് കരഞ്ഞത്ര ഒരു പക്ഷെ ഇന്ന് കരഞ്ഞേക്കില്ല….കാരണം, നമ്മുടെ മജീച്ചയെ നമുക്ക് അന്നു തന്നെ നഷ്ടപ്പെട്ടു.
                                   
  —–സന്തോഷ്‌ കുമാര്‍ കാനാ