മരുഭൂമികൾ ഉണ്ടാകുന്നത് ത്വരിത ഗതിയിലായിരിക്കുന്നു
ചുട്ടുപൊള്ളുന്ന ഈ വേനലിൽ വെള്ളത്തിനു വേണ്ടി മനുഷ്യർ ദൂരങ്ങളിലേയ്ക്ക് പോകുന്നതവസാനിയ്ക്കുന്നു
വീടുകളിലെ കിണറുകളിൽ കുഴൽ കിണറുകൾ പ്രത്യക്ഷപ്പെടുകയാണ്

ടി വി യിൽ നിന്ന് ഡിഷ്‌ ടി വി യിലേയ്ക്കും, മണ്‍കൂജയിൽ നിന്ന്
രെഫ്രിജെരറ്റരിലെയ്ക്കുമുള്ള യാത്ര ഇതു തന്നെയല്ലേ?
അതിനേയ്ക്കാൾ ഭീകരമായിരിയ്ക്കാം.
ഒരു വെട്ടു കിളിക്കൂട്ടം പോലെ ഇതൊരു ഗ്രാമത്തെ മുഴുവൻ
കാർന്നുതിന്നുകയാണ്.

പ്രതീക്ഷകളുടെ സുഖ നിദ്രയിലായിരുന്ന പലരും ഉണരുന്നത്
മറ്റൊരു രണ്ടാം വരവിന്റെ ശുഭസൂചക ശബ്ദം കേട്ടുകൊണ്ടല്ല, ഒരു “പരുക്കൻ മൃഗത്തിന്റെ” ഘോരശബ്ദം
ശ്രവിച്ചുകൊണ്ടാണ്.
കിണറിലേയ്ക്ക് പാത്രമിറക്കുന്ന പലരും കാണുന്നത് ഇന്നലെ വരെ
പ്രതീക്ഷ നല്കിയിരുന്ന വെള്ളം താഴ്ന്നുപോയി എന്നാണ്.

പകലിനെ മാത്രമല്ല, രാത്രിയേയും ഈ യന്ത്രങ്ങളുടെ ഭീകരസ്വരം
വേട്ടയാടുകയാണ്.
അതൊരു ജനതയുടെ മുഴുവൻ ഉറക്കം കെടുത്തിയിരിക്കുന്നു.
ആ ശബ്ദത്തിന്റെ ഘോരത പല മാനസിക വിഭ്രമങ്ങൾക്കും വഴിതെളിച്ചേക്കാം.

ഭൂമിയ്ക്ക് തന്റെ നിലനില്പിന് വേണ്ടി പ്രതലത്തിലുള്ള വെള്ളത്തെ താഴേയ്ക്ക് ഇറക്കേണ്ടി വരുന്നു എന്ന്
ശാസ്ത്രം.
പ്രതലങ്ങളിൽ വെള്ളമില്ലാതായിരിക്കുന്നു.
സമൂഹത്തിലെ ഓരോ അനീതിയും ഉടലെടുക്കുന്നത് ഇങ്ങനെയാണെന്ന് തോന്നുന്നു.
നിലനില്പിന് വേണ്ടി ജനതയ്ക്ക് പുതിയ അനീതികളോട്, ആഴങ്ങളോട് പൊരുത്തപ്പെടേണ്ടി വരുന്നു,
ഭൂമിയെപ്പോലെ.

ഈ ആഴങ്ങളിലെ വെള്ളവും ശാശ്വതമല്ലത്രേ!!
പാത്രങ്ങളുമായുള്ള ജനതയുടെ പ്രയാണം അവസാനിക്കുകയല്ല, ആരംഭിക്കുകയാണ്, എന്നെന്നേക്കുമായി.
പാത്രം കിണറിലെത്തുന്നതുപോലെയാണ് ജനതയും ജലസ്രോതസ്സുകളിൽ എത്തുന്നത്…തട്ടിയും, തടഞ്ഞും,
ഒടിഞ്ഞും, ഉടഞ്ഞും.

ഇനിയും എത്ര ആഴങ്ങളിലേയ്ക്ക് പോകേണ്ടി വരും അവർക്ക്?
പോയാൽത്തന്നെ കാണുന്നത് മനുഷ്യന്റെയും, മൃഗങ്ങളുടെയും അസ്ഥികൂടങ്ങളും, തലയോടുകളും
ആയിരിക്കുമോ?

—- സന്തോഷ്‌ കുമാർ കാനാ