-Sanga: the world’s tallest Lord Shiva statue

Kathmandu-വില്‍ നിന്നും കിഴക്ക് ഇരുപത് കിലോ മീറ്റര്‍ ദൂരെയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ സ്ഥിതി ചെയ്യുന്നത്: 143 അടി ഉയരമുള്ള ഈ പ്രതിമ ധുളിഖേലിലേക്കുള്ള വഴിയില്‍ കുന്നിന്‍ മുകളില്‍ ദൂരത്തു നിന്നു തന്നെ ശ്രദ്ധയാകര്‍ഷിക്കുന്ന കാഴ്ചയാണ്. സിങ്കിലും, കോപ്പറിലും, സിമന്റിലും ഉണ്ടാക്കിയ ഈ പ്രതിമയോട് ചേര്‍ന്ന് ഒരു ചെറിയ ക്ഷേത്രവുമുണ്ട്. ഏകദേശം ഏഴു വര്‍ഷത്തോളം എടുത്തു ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാകാന്‍.
2011-ലാണ് ഈ സ്ഥലം ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി വളരുന്നത്.
നേപ്പാളിലെ മുന്‍ നിര വാട്ടര്‍ ടാങ്ക് (ഹില്‍ ടേക്ക് , Hill Take) വ്യവസായിയായ മിസ്റ്റര്‍ കമല്‍ ജൈനാണ് ഈ പ്രതിമയുടെ നിര്‍മാണത്തിന് പിന്നില്‍. ഇന്നീ സ്ഥലം പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. ക്ഷേത്രത്തിനടുത്ത് തന്നെ “കൈലാസനാഥ് ആരോഗ്യധാം” എന്ന പ്രകൃതി ചികിത്സാ കേന്ദ്രവും, സ്പായും ഉണ്ട്.
എപ്രില്‍ 2012-ലാണ് ഞാനാദ്യം സാംഗാ സന്ദര്‍ശിക്കുന്നത്. ലാസിം പാട്ടിലെ എന്റെ വീടിനടുത്ത് കച്ചവടം നടത്തുന്ന ശ്രീ സുരേഷ് പ്രസാദ്‌ തിമില്‍സിനയാണ് സാംഗായെപ്പറ്റി ഒരു വൈകുന്നേരം നമ്മുടെ സൌഹൃദ സംഭാഷണത്തിനിടയില്‍ പറഞ്ഞത്.
അങ്ങിനെ ഒരിക്കല്‍ Kathmandu University-യില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ പ്രൊഫസറായ എന്റെ സുഹൃത്ത് കാശിരാജ് പാണ്ടേ സാറിന്റെ കൂടെ യൂണിവേഴ്സിറ്റി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. രാവിലെ ആറു മണിയോട് കൂടി ഞാന്‍ സീതാ പയലയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഞാനും, സാറും പല തവണ രേസ്ടുരന്റുകളില്‍ സാഹിത്യ ചര്‍ച്ചകളില്‍ സമയം ചെലവഴിച്ചിട്ടുണ്ട്. വീട്ടില്‍ കയറുന്നത് തന്നെ അദ്ദേഹത്തിന്റെ ഇളയ മകന്റെ ഒരു ഭജന്‍ കേട്ടുകൊണ്ടാണ്. “ചോട്ടെ ചോട്ടെ ഗയ്യ….ചോട്ടെ ചോട്ടെ ബാല്‍” എന്ന ഭജന്‍ ഹാര്‍മോണിയം വായിച്ചുകൊണ്ട് അവന്‍ പാടുന്നു. പാരമ്പര്യവും, ആധുനികതയും ചേര്‍ന്ന വീട്. പാട്ട് കഴിഞ്ഞ്, പ്രാതല്‍ കഴിച്ച് ഞാനും, സാറും ഇറങ്ങി.                                                with Kashiraj Pandey sir and family
യൂണിവേഴ്സിറ്റി ബസിലാണ് നമ്മുടെ യാത്ര. ബസ്സില്‍ അധ്യാപകരും, കുട്ടികളും, മറ്റ് സ്റ്റാഫും. താന്‍ അടുത്ത മാസം ചൈനയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് പാണ്ടേ സാര്‍ പറഞ്ഞു. കുന്നിന്‍ പ്രദേശത്തുകൂടി ബസ്സ്‌ പോയിക്കൊണ്ടിരുന്നപ്പോള്‍ എന്റെ ശ്രദ്ധ ആകര്‍ഷിച്ചത് കുന്നിന്റെ മുകളിലായി തലയെടുത്തു നില്‍ക്കുന്ന ശിവന്റെ പ്രതിമയാണ്.എന്റെ മനസ്സ് വായിച്ചിട്ടെന്നപോലെ പാണ്ടേ സാറെന്നോട് ചോദിച്ചു: “അവിടേക്ക് പോണോ?” ഞാനെന്റെ ആഗ്രഹം സമ്മതിച്ചെങ്കിലും സാറിനു ജോലിക്കെത്താന്‍ വൈകുകില്ലേ എന്നാരാഞ്ഞു. അത് കുഴപ്പമില്ല എന്ന് പറഞ്ഞ് സാര്‍ ബസ്സ്‌ നിര്‍ത്താന്‍ പറഞ്ഞു. നമ്മളിറങ്ങി. പാണ്ടേ സാര്‍ വളരെ ഊര്‍ജ്വസ്വലനായ ആളാണ്‌. സാഹസികതയും മറ്റും ഒരുപാട് ഇഷ്ടപ്പെടുന്നയാള്‍.

ബസ്സിറങ്ങിയ സ്ഥലത്തു നിന്നും നടന്ന് ഒരു കുന്ന് കയറണം. വഴിയില്‍ ലപ്സിയുടെ അച്ചാര്‍ ഉണ്ടാക്കുന്നു വീടുകള്‍ക്ക് മുന്നില്‍. മരപ്പലക മേലെ ലപ്സിയുടെ പേസ്റ്റ് തേച്ചു ഉണക്കിയെടുത്ത് ചെയ്യുന്ന രീതി കണ്ടാല്‍ ഒരു പക്ഷെ അച്ചാര്‍ കഴിച്ചെന്നു വരില്ല. പക്ഷെ നേപ്പാളിലെ ഒരു പ്രധാന അച്ചാറാണ് ലപ്സി.നടന്ന് നമ്മള്‍ ആ ശിവ മൂര്‍ത്തിയുടെ അടുത്തെത്തി. ആകാശത്തോളം ഉയര്‍ന്നു നില്ക്കുന്ന ആ പ്രതിമ ഒരു നിമിഷം എന്നെ ആശ്ചര്യത്താല്‍ നിശബ്ദനാക്കി. ക്ഷേത്രത്തിലെ പൂജാരിയോടും, അദ്ദേഹത്തിന്റെ അമ്മയോടും അല്പനേരം സംസാരിച്ചു. പ്രസാദം വാങ്ങി, പ്രതിമയിലേക്ക് നയിക്കുന്ന പടവുകലിരുന്നു. Kathmandu താഴ്‌വരയുടെ അതിശയിപ്പിക്കുന്ന കാഴ്ച!! താഴ്വരയില്‍ അടുത്ത കാലത്തായി തുടങ്ങിയ water theme park ഉണ്ട്.


നമ്മള്‍ തിരിച്ചു. ഇനി യാത്ര യൂനിവെഴ്സിറ്റിയിലെക്ക്. ഒരു ബസ്സില്‍ അല്പനേരം സഞ്ചരിച്ച് നമ്മള്‍ ക്യാമ്പസിലെത്തി. മെയിന്‍ റോഡില്‍ നിന്നും ക്യാമ്പസിലെക്കുള്ള വഴിയില്‍ കൃഷിയും, നെല്പാടവും മറ്റുമുള്ള ഗ്രാമീണ അന്തരീക്ഷം. നേപ്പാളിലെ ഏറ്റവും പഴയ സര്‍വകലാശാലകളിലൊന്നാണിത്.                                                          Kathmandu University നേരെ പോയത് സാറിന്റെ ഡിപ്പാര്‍ട്ടുമെന്റിലേക്കാണ്. സാറിന്റെ ചേംബറില്‍ ഒരിടത്ത് ഞാനിരുന്നു. തന്റെ സഹപ്രവര്‍ത്തകരെ സാര്‍ പരിചയപ്പെടുത്തി. ക്ലാസിന് സമയമായതിനാല്‍ സാര്‍ പോയി. ഞാന്‍ ക്യാമ്പസ് നടന്നു കണ്ടു.


അല്പനേരത്തിന് ശേഷം സാര്‍ വന്ന് എന്നെയും ക്ലാസിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. ഞാനും സാറിന്റെ ക്ലാസ്സ്‌ മുഴുവന്‍ ഇരുന്ന് കേട്ടു. ക്ലാസ്സ്‌ കഴിഞ്ഞ് നമ്മള്‍ ഉച്ച ഭക്ഷണത്തിനായി അടുത്തുള്ള ഒരു നാടന്‍ ഹോട്ടലില്‍ ഒത്തു ചേര്‍ന്നു. അവിടെ വച്ച് ഞാന്‍ എനിക്കിഷ്ടപ്പെട്ട നേപ്പാളി പാട്ട് “ഗാജലുതി ടുല ടുല ആംഖാ…” എന്ന പാട്ട് പാടി. സാറും, സഹ പ്രവര്‍ത്തകരും കോരിത്തരിച്ച് കെട്ടിപ്പിടിച്ചു.
വൈകുന്നേരം തിരിച്ച് ബസ്സില്‍ Kathmandu-വിലേക്ക്. ഈ സ്നേഹം ഞാന്‍ എങ്ങിനെ മറക്കും? ജീവിതം എന്ന ഏറ്റവും വലിയ സര്‍വകലാശാലയുടെ എത്രയോ വിഭാഗങ്ങള്‍ ഇനിയും സന്ദര്‍ശിക്കാനിരിക്കുന്നു? എത്ര പഠിക്കാനിരിക്കുന്നു?!!
— സന്തോഷ്‌ കുമാര്‍ കാനാ