അതി രാവിലെ ഒരു സ്വപ്‍നം കതക് തട്ടിയപ്പോഴാണറിഞ്ഞത്
അതിർത്തിയുടെ അപ്പുറത്തു നിന്നാരൊക്കെയോ വന്നിരിക്കുന്നു.
കണ്ണുകളിൽ ഏറെ നിരാശയുണ്ട്
മുഖമൊക്കെ വാടിയിരിക്കുന്നു
കയ്യും കാലും കഴുകി അവർ ഉമ്മറത്തിരുന്നു
പിന്നെ അടുപ്പുകൂട്ടി ചപ്പാത്തിയുണ്ടാക്കി
ഭാണ്ഡത്തിൽ നിന്നും പോയ വിളവെടുപ്പിലെ
ശർക്കര പുറത്തെടുത്തു.

കണ്ണു തുറന്നപ്പോൾ ആരെയും കണ്ടില്ല
കൈ നീട്ടിയപ്പോൾ അടുപ്പിന്റെ ചൂട് തട്ടി,
നാവിൽ ശർക്കരയുടെ മധുരം ബാക്കിയുണ്ട്

സ്വപ്നമായിരുന്നിരിക്കണം
സ്വപ്നം തന്നെ

അറിഞ്ഞു
ഇന്നലെ രാത്രി അതിർത്തിയിൽ വെടിയുണ്ടകൾ ഏറ്റുമുട്ടിയത്രെ
ഇന്നലെ രാത്രി അതിർത്തിയിൽ ചില സ്വപ്‌നങ്ങൾ കൊല്ലപ്പെട്ടുവത്രെ.
-സന്തോഷ് കാന / santhosh kana