— the grooming days with Bhavana Theatres Karivellur
കരിവെള്ളൂർ മണക്കാട്ട്-നിടുവപ്പുറം ഭാഗത്തായിരുന്നു ഭാവനാ തിയറ്റെർസ് എന്ന നാടക സംഘത്തിന്റെ കെട്ടിടം. പിന്നീട് ആ കെട്ടിടം ഇല്ലാതായി, ഏറെക്കാലം ആ സ്ഥലം കാട് പിടിച്ച് കിടന്നു. “ഭാവന കാട് കയറി” എന്ന് തമാശയായി പറയാം. എങ്കിൽ തെറ്റി. ആ സ്ഥലം സ്വകാര്യ വ്യക്തികൾക്ക് കൈമാറിയെങ്കിലും, ആ കെട്ടിടം നിന്നിടത്ത്‌ ഒരു വീട് വന്നെങ്കിലും, വീണ്ടും ആ നാടക സംഘം സജീവമായിരിക്കുകയാണ്. “ഹരിശ്ചന്ദ്രൻ” എന്ന ആ പഴയ നാടകത്തിലൂടെ, അരങ്ങത്തും അണിയറയിലും പഴമയും, പുതുമയും ചേർത്തുവെച്ചുകൊണ്ട്. ആ നാടക സംഘത്തിന്റെ സ്ഥാപകരിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ശ്രീ. കുഞ്ഞപ്പൻ മാസ്റ്റർ ഒഴികെ ശ്രീ. എ.കെ. രാമകൃഷ്ണൻ മാസ്റ്റർ, ശ്രീ. പി.വി. കുഞ്ഞിരാമൻ തുടങ്ങി പലരും അരങ്ങൊഴിഞ്ഞു.
വർഷങ്ങൾക്ക് മുമ്പ്, മൊബൈലും, ഇന്റർനെറ്റും വരുന്നതിനു മുമ്പ്, മണക്കാട്ടെ ഞങ്ങൾ സുഹൃത്തുക്കൾ (ബൈജു, പ്രമോദ്, രാജേഷ്‌, വിനോദേട്ടൻ, ദിനേശൻ, രമേശൻ തുടങ്ങി കുറെ പേർ) ചേർന്ന് പല ആഘോഷസമയങ്ങളിലും നാടകങ്ങൾ അവതരിപ്പിക്കുമായിരുന്നു. ഞങ്ങളൊക്കെ അഞ്ചിലോ, ആറിലോ പഠിക്കുന്ന കുട്ടികളായിരുന്നു കേട്ടോ. ഞങ്ങൾ തന്നെ സ്റ്റേജ് കെട്ടി അവതരിപ്പിച്ച നാടകങ്ങൾ. ഏവൺ ക്ലബ് ലൈബ്രറിയിൽ നിന്നും തെരഞ്ഞെടുത്ത നാടകങ്ങൾ വൈകുന്നേരം മുതൽ രാത്രി വരെ മെഴുകു തിരികൾ കത്തിച്ചു വെച്ച് നോർത്ത് സ്കൂളിലെ ക്ലാസ്  മുറികളിലൊന്നിൽ റിഹേർസൽ നടത്തും. പകൽ ഞങ്ങളിരുന്നു പഠിച്ച ക്ലാസ് മുറികളിൽ രാത്രികളിൽ ഞങ്ങൾ പോലീസും, മുതലാളിയും, വൃദ്ധനും, ധാർമിക രോഷമുള്ള യുവാവും ഒക്കെയായി മാറും. നാട്ടിൽ നിന്നും കിട്ടുന്ന സംഭാവനകളായിരുന്നു സാമ്പത്തിക പിന്തുണ. ഏറ്റവും സന്തോഷം തരുന്ന ഓർമയെന്നത് നാടകത്തിന്റെ സങ്കേതങ്ങളോ, സാഹിത്യമോ അറിയാതെ ചില കുട്ടികൾ ചേർന്ന് നടത്തുന്ന നിഷ്കളങ്ക ശ്രമങ്ങൾക്ക് നാട്ടുകാർ നല്കിയ പ്രോത്സാഹനമാണ്. “പനിനീർ പൂക്കൾ ചുവന്നത്”, “പെരുംതച്ചൻ”, “ശിങ്കിടി” (ഞാനഭിനയിച്ച കഥാപാത്രം..നാടകത്തിന്റെ പേരും അത് തന്നെയെന്നു തോന്നുന്നു) തുടങ്ങിയ ചില പേരുകൾ മാത്രം ഓർമയുണ്ട്.
അങ്ങിനെയൊരിക്കൽ ഒരോണക്കാലത്ത് ഞാൻ  വീടിനടുത്ത്, റോഡരികിലുള്ള തുമ്പ പൂക്കൾ പറിച്ചുകൊണ്ടിരുന്ന  ഒരു സായാഹ്നത്തിൽ ഭാവന തിയറ്റർസിന്റെ പുതിയ നാടകത്തിൽ അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു കൊണ്ട് ശ്രീ. വിജയൻ മാഷ്‌ അടുത്തു വന്ന് നിന്നു. ഒരു നിമിഷം സന്തോഷിച്ചെങ്കിലും, ഇത്രയും വലിയ സമിതിയുടെ ഭാഗമായി അഭിനയിക്കാനുള്ള പേടിയാണ് മനസ്സിൽ സ്ഥായിയായി നിന്നത്. അമ്മയോട്  അനുവാദം വാങ്ങേണ്ടി വരും എന്ന് ഞാൻ പറഞ്ഞു. മാഷ്‌ തയ്യാറായി. മാഷിന്റെ ശബ്ദ ഗാംഭീര്യം ഏറെ പ്രസിദ്ധമാണ്. നാട്ടിലെ പല കലാ-സാംസ്കാരിക പരിപാടികളുടെയും അറിയിപ്പിന്റെ ശബ്ദം മാഷിന്റേതായിരുന്നു. അമ്മയും, മാഷും തൃക്കരിപ്പൂർ സ്കൂളിൽ ഒന്നിച്ചു പഠിച്ചവരാണ്. ആ ഒരു സ്നേഹത്തിന്റെ ധൈര്യത്തിലായിരിക്കാം അമ്മ സമ്മതിച്ചു. നിടുവപ്പുറം ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തുള്ള ഭാവനയുടെ കെട്ടിടത്തിലേയ്ക്ക്, നാടകത്തിന്റെ പുതിയ അനുഭവ ലോകത്തേയ്ക്ക് ഞാൻ ഒരു വൈകുന്നേരം മാഷിനെ അനുഗമിച്ചു. മാഷിന് നാടകത്തിൽ വസിഷ്ഠ മഹർഷിയുടെ വേഷമായിരുന്നു. ഇടയ്ക്ക് ഡയലോഗുകൾ മാഷ്‌ മറന്നു പോയിരുന്നെങ്കിലും ആ ശബ്ദത്തിന്റെ പ്രതിധ്വനികൾ എന്റെ മനസ്സിൽ നാടകാഭിനയത്തിന്റെ ബാല്യപാഠങ്ങളിലൊന്നായി പ്രതിധ്വനിച്ചുകൊണ്ടിരുന്നു.
ശ്രീ. ഗംഗൻ രാമന്തളിയായിരുന്നു സംവിധായകനും, മുഖ്യ കഥാപാത്രമായ ഹരിശ്ചന്ദ്ര രാജാവിനെ അവതരിപ്പിക്കുന്ന നടനും. തലയിൽ ഒരു തൂവാല ബാലചന്ദ്രമേനോൻ സ്റ്റൈലിൽ കെട്ടി, പലപ്പോഴും പല സിനിമാ പിന്നണി വിശേഷങ്ങളും മറ്റുള്ളവരുമായി പങ്കു വെച്ചിരുന്ന ഒരാൾ. എന്നോട് സ്വന്തം മകനെപ്പോലെ സ്നേഹത്തോടെ, വാത്സല്യത്തോടെയാണ് അദ്ദേഹവും, മറ്റു നടീ നടന്മാരും പെരുമാറിയിരുന്നത്. ആ നാടകത്തിന്റെ അരങ്ങിലും, അണിയറയിലുമായി പ്രവർത്തിച്ച പലരും ഇന്നും നാടക, കലാ, സാംസ്കാരിക രംഗങ്ങളിൽ സജീവമാണ്.
“നക്ഷത്രകൻ” എന്ന ഹാസ്യ കഥാപാത്രത്തെ അവതരിപ്പിച്ച ചന്ദ്രേട്ടൻ, കാഞ്ഞങ്ങാട് പോളി റ്റെക്നിക്കിലെ അദ്ധ്യാപകൻ. ചന്ദ്രേട്ടൻ പലപ്പോഴും എന്നെ അതിശയിപ്പിച്ച നടനാണ്‌. “പൊട്ടൻ” എന്ന നാടകത്തിൽ അദ്ദേഹം കാണിച്ച അഭിനയ മികവിന്റെ സവിശേഷതകൾ കുറിച്ചുവെയ്ക്കാൻ അന്ന് മുഖ പുസ്തകങ്ങളോ, ഇന്റെർനെറ്റൊ, നവ മാധ്യമങ്ങളോ ഇല്ലാതെ പോയല്ലോ എന്ന ഖേദമുണ്ട്. ആ നാടകത്തിന്റെ ഒരു വീഡിയോ എങ്കിലും കിട്ടിയിരുന്നെങ്കിൽ !!! ഓരോ നാട്ടിലും, അരങ്ങിലും “ഹരിശ്ചന്ദ്രൻ” അവതരണം കഴിഞ്ഞാൽ എനിയ്ക്ക് പ്രതിഫലം കയ്യിൽ വെച്ച് തന്നിരുന്നത് ചന്ദ്രേട്ടനായിരുന്നു. ഗൗരവമുള്ള വിഷയങ്ങളും, തമാശകളും ഒരേപോലെ ചര്ച്ച ചെയ്യാൻ എനിയ്ക്ക് കഴിയുന്ന ഒരാളാണ് ചന്ദ്രേട്ടൻ. “രാഘവാ ട്രാവൽസ്” എന്ന ഭാവന തിയറ്റർസിന്റെ ആ ഫാർഗോ “പാട്ട” ബസ്സിലിരുന്ന് ഒരു രാത്രി നടൻ പ്രേം നസീർ മരിച്ച വാർത്തയറിഞ്ഞ് ചന്ദ്രേട്ടൻ കരഞ്ഞത് ഞാനോർക്കുന്നു.
“ഹരിശ്ചന്ദ്രൻ” എന്ന നാടകത്തിന്റെ ആദ്യ അവതരണം മണക്കാട്ടെ ശാസ്താവിന്റെ അമ്പലത്തിലായിരുന്നു. അമ്മയും, ബന്ധുക്കളും, സുഹൃത്തുക്കളും, നാട്ടുകാരും തന്ന സ്നേഹത്തിന്റെ, പ്രോത്സാഹനത്തിന്റെ ആ ആദ്യരാത്രി മറക്കാനാവില്ല. “ഭാവന”യുടെ നാടകങ്ങളുടെ നിർമാതാവ്, സൂത്രധാരൻ എന്നീ സ്ഥാനങ്ങളിലിരുന്നയാൾ, പരേതനായ ശ്രീ. അരവിന്ദേട്ടൻ, അണിയറയിൽ പ്രവർത്തിച്ചിരുന്ന പപ്പേട്ടൻ, ബാലകൃഷ്ണേട്ടൻ തുടങ്ങി കുറേ പേർ… നാടകത്തിൽ ഞാൻ പാമ്പ്‌ കടിയേറ്റു മരിക്കുന്ന രംഗത്ത് മരപ്പൊത്തിൽ നിന്ന് കൃത്രിമ പാമ്പിനെ നിയന്ത്രിച്ചിരുന്നത് ബാലകൃഷ്ണെട്ടനായിരുന്നു. കുട്ടിയായിരുന്ന ഞാൻ പലപ്പോഴും ശരിക്കും ഭയന്ന് പോയിട്ടുണ്ട്. വീര ബാഹു എന്ന കഥാ പാത്രത്തെ അവതരിപ്പിച്ചിരുന്നത് ശ്രീ. കരിമ്പിൽ രാമചന്ദ്രേട്ടൻ ആയിരുന്നു. ആകാരം കൊണ്ടും ശബ്ദം കൊണ്ടും അരങ്ങിൽ വേറിട്ട്‌ നിന്നു അദ്ദേഹം. പലപ്പോഴും ഡയലോഗ് പറയുമ്പോളുള്ള ചെറു തെറ്റുകളുടെ തമാശകൾ ഓർമ വരുന്നു. നാടകത്തിന്റെ സംഗീത വിഭാഗം കൈ കാര്യം ചെയ്തിരുന്നത് ശ്രീ. ഭാസ്കരേട്ടനായിരുന്നു. “കോടി” ഭാസ്കരേട്ടൻ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം നാട്ടിലെ അറിയപ്പെടുന്ന സംഗീത അധ്യാപകനും കൂടിയായിരുന്നു. നാടകത്തിലെ “നാരദൻ”-ന്റെ വേഷം സ്വതവേ ഭക്തി വെളിവാക്കുന്ന അദ്ദേഹത്തിന്റെ വസ്ത്രധാരണത്തിൽ നിന്നും ഏറെ വ്യത്യസ്തത ഉള്ളതായിരുന്നില്ല. “പുഷ്യരാഗം പൂന്തുകിൽ നെയ്യും പുഷ്കല ഹേമന്ത നിശീഥിനിയിൽ” എന്നു തുടങ്ങുന്ന ഒരു പാട്ട് മാത്രം ഇപ്പോൾ ഓർമയുണ്ട്. റിഹർസൽ കഴിയുന്ന സമയമാകുമ്പോഴേക്കും അമ്മ എന്നെ കാത്തു നില്ക്കുന്നുണ്ടാകും. ശ്രീ. രാജൻ അഴീക്കോട്‌ എഴുതിയ “ഹരിശ്ചന്ദ്രൻ” മാതമംഗലം, കാഞ്ഞങ്ങാട് എന്നിങ്ങനെ നാലോ, അഞ്ചോ സ്റ്റേജ് കയറിയെന്നാണ് എന്റെയോർമ. കുട്ടിയായിരുന്നത് കൊണ്ടും, നാടകം രാത്രി ഏറെ വൈകിയായിരുന്നതിനാലും ഏതു സ്ഥലമാണെന്നോ, എങ്ങിനെയുള്ള സ്ഥലമാണെന്നോ അറിഞ്ഞിരുന്നില്ല. പക്ഷെ ഒന്നറിയാം. അല്പം ചമ്മലോടെ പറയട്ടെ. എന്റെ കഥാ പാത്രം “ലോഹിതാക്ഷൻ” മരിച്ചു കിടക്കുമ്പോൾ അവന് വീണ്ടും ജീവൻ നൽകാൻ വിശ്വാമിത്ര മഹർഷി അനുഗ്രഹിക്കുന്ന രംഗമുണ്ട്. ഏറെ നേരം മരിച്ചു കിടന്നഭിനയിക്കെണ്ടിവന്നതിനാൽ, ഏറെ രാത്രിയായിരുന്നതിനാൽ ഞാൻ ഉറങ്ങിപ്പോയി.ഒരിക്കലല്ല, ഓരോ തവണയും. വിശ്വാമിത്രൻ അനുഗ്രഹിച്ചിട്ടും കുട്ടി എഴുന്നേൽക്കുന്നില്ല എന്നു കണ്ട ഹരിശ്ചന്ദ്രൻ മനോധർമം ഉപയോഗിച്ച് എന്റെയടുത്തു വന്നു എന്നെ തോട്ടുണർത്തുകയാണ് ചെയ്തത്. കാണികൾക്ക് കാര്യം പിടി കിട്ടിയില്ലെങ്കിലും, നാടകം കഴിഞ്ഞയുടനെ എന്നെ സ്നേഹത്തോടെ കളിയാക്കി ശകാരിക്കാനുള്ള അവസരം ആരും പാഴാക്കിയില്ല. എന്റെ അമ്മാവൻ (നാടകത്തിൽ ഇന്ദ്രൻ എന്ന രാജാവിനെ അവതരിപ്പിച്ച) ശ്രീ. രമേഷ് ബാബു അടക്കം!! അമ്മാവൻ അന്നും, ഇന്നും കലാ, സാഹിത്യ പ്രവർത്തനങ്ങളിൽ തരുന്ന മാർഗ നിർദേശം വിലപ്പെട്ടതാണ്‌. എന്റെ അമ്മാവൻ ആദ്യരണ്ടു അവതരണങ്ങൾക്ക് ശേഷമാണ് വന്നത്. അതിനു മുമ്പ് ശ്രീ. പി.വി. ഭാസ്കരേട്ടൻ ആയിരുന്നു ആ വേഷം ചെയ്തിരുന്നത്. നാടകത്തിൽ എന്റെ അമ്മയുടെ വേഷം ചെയ്ത നടിയും, മറ്റു ചില നടിമാരും (പേരുകൾ ഓർമയില്ല) സ്നേഹവാത്സല്യങ്ങൾ കൊണ്ടുണ്ടാക്കിത്തന്ന കുടുംബാന്തരീക്ഷം എന്റെ അഭിനയത്തിന് തന്ന പ്രചോദനം ചെറുതല്ല. ആദ്യ സ്റ്റേജ് അവതരണം കഴിഞ്ഞപ്പോഴേക്കും ഹരിശ്ചന്ദ്രനെ അവതരിപ്പിച്ച നടൻ മാറി. ശ്രീ. ഗംഗൻ രാമന്തളിയ്ക്ക് പകരം വന്നത് മലയാള നാടക രംഗത്ത് “പുലിജന്മം” എന്ന നാടകത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാഡ് കരസ്ഥമാക്കിയ ശ്രീ. എം. ബാലൻ എന്ന ബാലേട്ടനായിരുന്നു. പ്രതിഭയുടെ അരാജകത്വം എന്നൊക്കെ വിശേഷിപ്പിക്കാം അദ്ദേഹത്തിന്റെ രീതികളെ. അപാര മനോധർമം ഉള്ള നടൻ. ജീവിതത്തിൽ വേണ്ടത്ര പ്രാവർത്തിക മനോധർമം പ്രതിഭകൾക്ക് സാധിക്കുമോ എന്നെനിക്ക് സംശയമുണ്ട്. വർഷങ്ങൾക്ക് ശേഷം, പയ്യന്നൂർ കോളേജിൽ ഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ, കരിവെള്ളൂരിൽ ബസ് കാത്ത് നിന്ന എന്റെ അടുത്തുകൂടെ വടിയും കുത്തി ഒറ്റക്കാലിൽ ഒരാൾ അടുത്തുള്ള പീടികയിലേയ്ക്ക് വരുന്നത് കണ്ടു. ഏറെ പ്രായം തോന്നിച്ചിരുന്നുവെങ്കിലും തിരിച്ചറിയാൻ എനിയ്ക്ക് അധികം സമയം വേണ്ടി വന്നില്ല. ബാലേട്ടൻ !!! ഞാൻ പരിചയപ്പെടുത്തിയപ്പോൾ ഓർത്തെടുത്ത് സ്നേഹത്തോടെ “മോനേ” എന്ന് വിളിച്ച ശബ്ദത്തിന്റെ ആർദ്രത എന്നും മനസ്സിലുണ്ട്. പിന്നെ പയ്യന്നൂരിൽ എ സോൺ കലോത്സവത്തിൽ നാടകമോ, മൈമോ അവതരിപ്പിക്കാൻ ഞാനടങ്ങുന്ന സംഘം തങ്ങിയിരുന്ന ഒരു സായാഹ്നത്തിൽ ഒരു സ്കൂളിന്റെ വരാന്തയിൽ പരിച്ചയപ്പെടുത്തിയിട്ടും എന്നെ തിരിച്ചറിയാനാകാതെ ഉന്മാദാവസ്ഥയിൽ കണ്ടത് വിശ്വാമിത്ര മഹർഷിയെയായിരുന്നു (ചന്ദ്രൻ വെള്ളൂർ) !! എന്നെ പുനരുജ്ജീവിപ്പിച്ച ആ അനുഗ്രഹ ഹസ്തങ്ങൾക്ക് ഏതു ശാപമാണ് വഴിത്തിരിവായത്??!! വീണ്ടും കുറേ വർഷങ്ങൾക്ക് ശേഷം പോണ്ടിച്ചേരിയിലെ എം.എ. പഠനം കഴിഞ്ഞ് നാട്ടിൽ വന്ന സമയത്ത് കരിവെള്ളൂരിലെ എ.വി. സ്മാരക ഹാളിൽ കരിവെള്ളൂരിന്റെ സമര ചരിത്രം പറയുന്ന എക്സിബിഷൻ കാണാനും, ചിലത് കുറിച്ചെടുക്കാനും പോയപ്പോൾ അവിടം അടിച്ചു വൃത്തിയാക്കി കൊണ്ടിരുന്ന സ്ത്രീ “എനിയ്ക്ക് നിന്നെ അറിയാം…എന്നെ മനസ്സിലായോ” എന്ന് ചോദിച്ച്, സ്നേഹത്തോടെ തൊട്ടടുത്തുള്ള അവരുടെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. പെട്ടെന്ന് കാര്യം മനസ്സിലായില്ല. അവരുടെ വീടിന്റെ വരാന്തയിലെ ചുമരിൽ പതിച്ചിരുന്ന ഭാവന തിയറ്റർസിന്റെ “ഹരിശ്ചന്ദ്രൻ” എന്ന നാടകത്തിന്റെ നോട്ടീസിലേയ്ക്ക് അവർ വിരൽ ചൂണ്ടി. അതിൽ ലോഹിതാക്ഷന്റെ മൃതശരീരവുമായി നിൽക്കുന്ന ഹരിശ്ചന്ദ്രൻ അവരുടെ ഭർത്താവ് ബാലേട്ടനായിരുന്നു!!! —– സന്തോഷ്‌ കാന(Santhosh Kana)