“ബാപ്പുജിയെ എന്തിനാണഛ്ചാ വെടിവെച്ചു കൊന്നത് ?” സ്ഥലം കാണാനെത്തിയവരുടെ കൂട്ടത്തില്‍ നിന്ന് ഒരു കുട്ടി ചോദിച്ചു. അവന്റെ ചോദ്യത്തിന് മുന്നില്‍ അനുഭവങ്ങളുടെയും, പ്രത്യയശാസ്ത്രങ്ങളുടെയും, വിഘടിത ജീവിത കാഴ്ച്ചപ്പാടുകളുടെയും ലോകങ്ങള്‍ വരണ്ടു കിടന്നു. “ബാപ്പുജി ഒരു കണ്ണാടിയായിരുന്നതുകൊണ്ട്. നമുക്ക് നേരെ പിടിച്ച എത്ര കണ്ണാടികളാണ് നമ്മള്‍ തച്ചുടച്ചത് ?” അയാള്‍ വികാരാദ്രനായി. “പാവം ബാപ്പുജി. ബാപ്പുജിയുടെ കയ്യില്‍ ആയുധങ്ങളൊന്നുമില്ലായിരുന്നു, അല്ലേ അഛ്ചാ ?”  തന്റെ കയ്യിലെ കളിത്തോക്ക് മാറോട് ചേര്‍ത്തു പിടിച്ച് കുട്ടി പറഞ്ഞു.
“അല്ല മോനേ. ബാപ്പുജിയുടെ കയ്യിലും ആയുധങ്ങളുണ്ടായിരുന്നു . ഒരു പക്ഷേ, തോക്കിനെക്കാളും, വാളിനേക്കാളും ശക്തമായവ. കാണാത്ത ആയുധങ്ങളാണ് കാണുന്നവയെക്കാള്‍ ശക്തം. അഹിംസയും, സത്യാഗ്രഹവുമൊക്കെ എത്ര തീവ്രമായ ആയുധങ്ങളാണ്? പക്ഷേ, അവ അക്രമത്തിന്റെ, ഹിംസയുടെ ആയുധങ്ങളല്ല. അങ്ങിനെയാണെന്ന് നമുക്ക് തോന്നുന്നത് നമ്മുടെ മലിനമാക്കപ്പെട്ട മനസുകൊണ്ടാണ് . അതുകൊണ്ടാണ് നമ്മള്‍ പ്രകൊപിതരാകുന്നത്. ബാപ്പുജിയെ വെടിവെച്ചുകൊണ്ടേയിരിക്കുന്നത് . നീയും വലുതാകുമ്പോള്‍ ചിലപ്പോള്‍ ഇതുപോലെ പ്രകോപിതാനായേക്കാം. ബാപ്പുജിയെ വെടി വെച്ചേക്കാം . സത്യത്തില്‍ നമ്മള്‍ വളരുകയല്ല, മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് . “
“ആരാ അഛ്ചാ ബാപ്പുജിയെ വെടിവെച്ചു കൊന്നത് ?”
“ആരെങ്കിലുമാവട്ടെ. ഒരര്‍ത്ഥത്തില്‍ നമ്മുടെയൊക്കെ അഹന്ത . ബാപ്പുജി മരിക്കുന്നില്ല. ഇത് ബാപ്പുജിയുടെ സ്മാരകമല്ല. നമ്മുടെ ഓരോരുത്തരുടെയും സ്മാരകമാണ് . നമ്മള്‍ മാനസികമായി വളരുന്നേയില്ല. അതിനാല്‍ നമ്മളൊക്കെ നിശ്ചലമായ, നിര്‍ജീവമായ ശവ കുടീരങ്ങളാണ് . ബാപ്പുജി എന്നും ജീവിക്കുന്നു.”
പിതാവിന്റെ മുറിയില്‍ നിന്ന് മരണത്തിലേക്കുള്ള കാല്പാടുകള്‍ അവിടെ നിര്‍മിച്ചിട്ടുണ്ട്. “നൈന്‍ അവേഴ്സ് റ്റു  രാമാ” എന്ന സിനിമയില്‍ കണ്ട കോലാഹലങ്ങളൊന്നും അവിടെ സംഭവിച്ചിരിക്കാനിടയില്ല. തികച്ചും സ്വാഭാവികമായ ഒരു സംഭവം പോലെ പിതാവിന്റെ മരണം എന്ന് വെളിപ്പെടുന്നത് വല്ലാത്തൊരനുഭവം തന്നെ. ബിര്‍ളാ ഹൗസിലെ വേപ്പിന്‍ മരങ്ങളിലും, പന മരങ്ങളിലും ആ അമൂര്‍ത്ത സാന്നിധ്യത്തിന്റെ ഇളം കാറ്റ് വീശി. അഛ്ചന്‍ പറഞ്ഞതൊന്നും പൂര്‍ണമായി മനസ്സിലാകാതെ കുട്ടി മുറിയില്‍ നിന്നും വെടിയേറ്റിടം വരെയുള്ള പിതാവിന്റെ കാല്പാടുകളില്‍ തുള്ളിച്ചാടി നടന്നു.                                      — സന്തോഷ്‌ കുമാര്‍ കാനാ    read it in English here: https://somatmika.blogspot.in/2012/01/with-father-at-birla-house.html?m=1