ചട്ടവ്രണം നീറി

മുൾച്ചങ്ങല മുറുകി…..

 

നെറ്റിപ്പട്ടവും കുടയും തിടമ്പും കോലവും

ആജ്ഞയുടെ കൂർത്ത തോട്ടി തന്ന ക്ഷതമില്ലാത്ത വേദനകളും ചുമന്ന്

 

കാരക്കോലിന്റെ അനുസരണയിൽ കളത്തിൽ നിർത്തി

അഹങ്കരിച്ചവർ വാദ്യഘോഷങ്ങളോടെ

എഴുന്നള്ളിച്ച് ഉറഞ്ഞു തുള്ളിയപ്പോഴാണ്

എന്റെ സഹികെട്ടത്  

 

വെള്ളം ചീറ്റി രസിച്ച

മണ്ണും ചെളിയും കൊണ്ടാഹ്ലാദിച്ച് കുളിച്ച

വന്യതയുടെ ഗൃഹാതുരത്വം

അടക്കാനാകാതായപ്പോഴാണ്

അവനെ ചുഴറ്റിയെടുത്ത് നിലത്തടിച്ചത്

എനിക്കെന്റെ വലിപ്പമറിയില്ലെന്ന

അവന്റെ അറിവിന്റെ അഹങ്കാരത്തെ ചതച്ചരച്ചത്

 

ചെണ്ടയൊന്നിച്ച് താളം വെച്ചും തൊഴുതും നിന്ന

ആൾക്കൂട്ടം അലറിക്കൊണ്ടിരുന്നു:

“ഇതിന് മദമിളകി,

ഭ്രാന്തായി”!!!

by Santhosh Kana (published in the web magazine, Malayalanatu, Aug. 2019) http://malayalanatu.com/archives/7788