അതീന്ദ്രിയവും, സാധാരണ മനസ്സുകൾക്ക് അഗ്രാഹ്യവുമായ ദിവ്യപ്രണയത്തിന്റെ ഇരകളാണ് ഗന്ധർവനും ഭാമയും. ശിക്ഷകളുടെ ഓർമ്മപ്പെടുത്തലുകൾ കൊണ്ടും, പാപ-പുണ്യ ദ്വന്ദ്വങ്ങളുടെ പരമ്പരാഗത ബോധം കൊണ്ടും വേട്ടയാടപ്പെട്ട രണ്ടു മനസ്സുകൾ. ‘ഞാൻ ഗന്ധർവൻ’ എന്ന സിനിമ വീണ്ടും കാണുമ്പോൾ സദാചാര പോലീസിന്റെയും, അഭിമാന ഹത്യയുടേയും ഇടുങ്ങിയ പൊതുബോധത്തെ അത് ശക്തമായി വരച്ചുകാട്ടുന്നത് പോലെ തോന്നുന്നു. അവിടെ ദേവലോകവും, ദേവലോകത്തു നിന്നുള്ള ആജ്ഞകളും, ഭീഷണികളും, ഉഗ്രശാസനകളും  പ്രണയത്തിന് വിലക്ക് കല്പിച്ച സാംസ്കാരിക അധഃപതനത്തിന്റെ ലോകത്തെ പ്രതിനിധാനം ചെയ്യുന്നു.

ഗന്ധർവനെ മാത്രം കേന്ദ്രീകരിച്ചുള്ള ആസ്വാദനം ആയിരുന്നു കൂടുതലും എന്നെനിക്കു തോന്നുന്നു. എന്നാൽ ഭാമയുടെ വീക്ഷണകോണിൽ ഈ സിനിമ വീണ്ടും കാണേണ്ടിയിരിക്കുന്നു. തനിക്കു ചുറ്റുമുള്ള ഒരു സമൂഹത്തെ, അതിന്റെ ചട്ടക്കൂടുകളെ നിർഭയം നേരിടേണ്ടിവരുന്നത് ഭാമയ്ക്കാണ്. മറ്റുള്ളവവർക്ക് അദൃശ്യനായ ഗന്ധർവന് ആ വിഷമഘട്ടങ്ങൾ ഇല്ല. ഏറ്റവും ഒടുവിൽ താൻ പ്രണയിച്ച പുരുഷനെ വേർപിരിയേണ്ടി വരുന്ന ഭാമയുടെ ദുഃഖം തീവ്രവും ഗഹനവുമാണ്. ശാശ്മല നരകത്തിലെ പീഡനത്തിൽ നിന്ന് അല്പം പോലും ചെറുതല്ല തന്റെ കന്യകാത്വം എന്ന പീഡനം എന്ന് പറഞ്ഞ് ഗന്ധർവന് സ്വയം സമർപ്പിക്കുന്ന ഭാമയുടെ വ്യവസ്ഥിതികളോടുള്ള പ്രതിഷേധം, പ്രണയത്തിനായുള്ള ത്യാഗം വാഴ്ത്തപ്പെടാതെ പോകരുത്. ഗന്ധർവന്റെ ശിക്ഷകളുടെ കാഠിന്യം കുറയ്ക്കാൻ ഓർമയറ്റ മനസ്സ് യാചിക്കുന്ന ഭാമ യാഥാസ്ഥിതിക സമൂഹത്തിനുമുന്നിൽ പ്രണയത്തിന്റെ ശാശ്വതമായ വെല്ലുവിളിയായി സധൈര്യം നിലകൊള്ളുന്നു.

“ഞാൻ ഗന്ധർവ്വൻ” (Njaan Gandharvan) എന്ന സിനിമയുടെ ക്ലൈമാക്സ് രംഗം ഇതാ ഇവിടെ:

ഗന്ധർവ്വൻ: ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാവാനും മനുഷ്യനാവാനും നിന്റെ ചുണ്ടിന്റെ മുത്തമാവാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി. ഈ ഭൂമുഖത്തെ പൂക്കളും  ഈ ഭൂമിയുടെ തേനും മാത്രം നുകർന്ന് കഴിയാൻ അനുമതി കിട്ടിയ അരൂപിയായ ഒരു വർണ ശലഭം. ഞാൻ ഗന്ധർവ്വൻ.

ചിത്രരഥന്റെ കൊട്ടാരത്തിലെ അറകളിലായിരുന്നു ശിക്ഷ. ഏഴു പകലും ഏഴു രാത്രിയും നീണ്ടു നിന്ന കൊടും പീഡനങ്ങൾക്കു ശേഷം അവരെനിക്ക് ശബ്ദം തിരിച്ചു തന്നു. ഒരു വ്യവസ്ഥയിൽ: എന്റെ ഈ ശബ്ദം നിന്നോട് സംസാരിക്കാൻ പാടില്ല. പക്ഷെ നിന്നോട് സംസാരിച്ചില്ലെങ്കിൽ എനിക്ക് ശബ്ദമെന്തിന്?

ഇനി ശിക്ഷ വന്നാൽ അത് വരുന്നത് ദേവേന്ദ്രന്റെ കൊട്ടാരത്തിൽ നിന്നായിരിക്കും.

ഭാമ : എന്തിനായിരുന്നു ശിക്ഷ? എന്ത് തെറ്റുകൾ?

ഗന്ധർവ്വൻ : തെറ്റുകൾ. തെറ്റുകൾ. അവർ പറയുമ്പോൾ എല്ലാം തെറ്റുകളാണ്. സ്വർഗത്തെ സംബന്ധിച്ച സത്യങ്ങൾ അറിയേണ്ടവനായ ഗന്ധർവ്വൻ മനുഷ്യനാകാൻ മോഹിച്ചു. മരണം കാംക്ഷിച്ചു. ആദ്യ ദർശനത്തിൽ തന്നെ അവളുടെ കന്യകാത്വം ചോർത്തിയെടുത്ത് അവളെ ദാസിയും പരിചാരികയും ഇരയും അടിമയുമാക്കാതെയിരുന്നത് ഗന്ധർവ്വന്റെ തെറ്റ്.

നിശാസഞ്ചാരിയായി, അടിമയ്ക്ക് മാത്രം ദൃശ്യനായി അന്തരീക്ഷത്തിൽ തെന്നിനടക്കേണ്ട ഗന്ധർവ്വൻ അവളുടെ കല്പനപ്രകാരം സൂര്യസാന്നിധ്യമുള്ള പകലുകളിലേക്കിറങ്ങി വന്ന് മറ്റ്‌ സാധാരണ മനുഷ്യർക്കുംകൂടി  ദൃശ്യനാകാൻ തുനിഞ്ഞത് തെറ്റ്. അവരുടെ കർണ്ണങ്ങൾക്ക് അമൃതാകാൻ തീരുമാനിച്ചത് ധിക്കാരം.

അടിമയുടെ അടിമയായി മാറിയ ഗന്ധർവ്വൻ അവളുടെ ഇച്ഛയ്ക്കൊത്തോടിയെത്താൻ വേണ്ടി വിധിപ്രകാരം മാറിടത്തിലണിഞ്ഞു നടക്കേണ്ട രുദ്രാക്ഷം എന്ന ഈ അപൂർവ രത്നത്തെ അവൾക്ക് സമ്മാനിച്ചത് അഹങ്കാരം.

അങ്ങിനെ അങ്ങിനെ ഓരോ തെറ്റിനുമുണ്ടായിരുന്നു ശിക്ഷകൾ. മനസ്സും ശരീരവും മുറിക്കുന്ന ശിക്ഷകൾ. ശിക്ഷയിലൂടെ പ്രായശ്ചിത്തം തന്ന് എന്നെ വീണ്ടും ഭൂമിയിൽ സ്വതന്ത്രനാക്കിയിരിക്കുകയാണ്. ഒരിക്കലും നിന്നെ കാണാനോ നിന്നെക്കുറിച്ചോർക്കാനോ പാടില്ലെന്ന ഉഗ്ര ശാസനയോടെ.

ഭാമ : കണ്ടു എന്നറിഞ്ഞാൽ?

ഗന്ധർവ്വൻ : അറിയില്ല. എല്ലാവരുടെയും കണ്ണ് വെട്ടിച്ചാണ് ഞാൻ നിന്റെയടുത്തെത്തിയത്. പ്രകൃതിയുടെ ചാരന്മാർക്ക് എന്നെ ഗ്രഹിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ രണ്ടു പകലും രണ്ടു രാത്രിയും നിന്നെ കാണാൻ വേണ്ടി ഞാൻ ശ്രമിക്കുകയായിരുന്നു. ചാരന്മാരുടെ കണ്ണുവെട്ടിക്കാൻ ഇന്നേ കഴിഞ്ഞുള്ളു. ഈ രാത്രി അവരുടെ കണ്ണിൽ പെടാതിരുന്നാൽ ഈ ചന്ദ്രൻ അസ്തമിക്കും വരെ നമ്മൾ ഒന്നിച്ചു കഴിഞ്ഞാൽ ഞാനവരെ ജയിച്ചു.എനിക്ക് പിന്നെ മനുഷ്യനാകാം. കെണിയുടെയും, ചതിയുടെയും ക്രൂരതയുടെയും ലോകത്തോട് വിടപറയാം. സിദ്ധിയുടെയും ശാപത്തിന്റെയും ശല്ക്കങ്ങൾ ഈ രാത്രികൊണ്ട് കുഴിച്ചുകളയാം.നാളെ മുതൽ നിന്റേതാകാം.

ദേവലോകശബ്ദം: സൂര്യനിലെ അഗ്നിയുടെ മൂർത്തിമത്ഭാവമായ ഗന്ധർവാ… നീ വീണ്ടും കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. നിസ്സാരയായ ഭൂമിയുടെ സത്തയാകാനുള്ള അധമമോഹം ഉപേക്ഷിക്കാത്തതിന് നിനക്കുള്ള ശിക്ഷകളുടെ ആരംഭമായിരിക്കുന്നു.

ഗന്ധർവ്വൻ : ആരാണാണിത്?

ദേവലോകശബ്ദംനിന്നെ ചൂഴ്ന്നുനിൽക്കുന്ന കൊടിയ വിപത്തുകളെപ്പറ്റി നിനക്ക് മുന്നറിയിപ്പ് തരാൻ വേണ്ടി എത്തിയ ത്രികാലജ്ഞനായ ഞാൻ.

ഗന്ധർവ്വൻ : എന്റെ പിതാവും മാതാവുമായ എന്റെ ബ്രഹ്മദേവന്റെ സാന്നിധ്യം ഞാനറിയുന്നു.

ദേവലോകശബ്ദം : നിനക്ക് തെറ്റിയിട്ടില്ല മകനേ

വാശിവെക്കും പോലെ ഗന്ധർവ്വന്റെ പാപങ്ങളുടെ പട്ടിക പെരുകിക്കൊണ്ടിരിക്കുന്നു.

ഗന്ധർവ്വൻ : എന്ത് പാപങ്ങൾ?

ദേവലോകശബ്ദം : ചിന്താശേഷിയിൽ വിഷം വ്യാപിച്ചുകൊണ്ടിരിക്കുന്ന നിന്നോട് തർക്കിക്കാൻ മകനേ ഞാനാളല്ല. നീ നിന്റെ വരും വിധി അറിയുക.

സൂര്യസ്പർശമുള്ള പകലുകളിൽ ഇനി നീയില്ല. പകലുകൾ നിന്നിൽ നിന്ന് ചോർത്തിക്കളഞ്ഞിരിക്കുന്നു. ചന്ദ്രസ്പർശമുള്ള രാത്രികളും.

നിനക്കിനി ആകെ ഉള്ളത് ഇന്നത്തെ ഈ രാത്രി മാത്രം.

ഇന്നത്തെ രാത്രി, രാത്രിയുടെ പതിനേഴാമത്തെ കാറ്റ് വീശാൻ തുടങ്ങുമ്പോൾ നീ ഈ ഭൂമിയിൽ നിന്ന് യാത്രയാകും. ഒരിക്കലും തിരിച്ചുവരവില്ലാത്ത യാത്ര.

ഒന്നിനും നിന്നെ തിരികെവിളിക്കാനാവില്ല. നീ സമ്മാനിച്ച രുദ്രാക്ഷം ഈ നിമിഷം മുതൽ അവളുടെ കഴുത്തിൽ ശക്തിഹീനമായ വെളുത്ത മണൽക്കട്ട.

മഹാദാവിസ്സ് നരകത്തിലെ വിഷശൂലങ്ങളും സർപ്പങ്ങളും ചോര പരത്തുന്ന തറയിൽ ഗന്ധർവനുവേണ്ടി ദാഹിച്ചു നിൽക്കുന്നു.

ഒരു പോംവഴി. ഒരേ ഒരു പോംവഴി ത്രികാലജ്ഞനായ നിന്റെ പിതാവ് നിന്നെ അറിയിക്കുന്നു. നിന്റെ പാപിയാകാൻ വെമ്പി നിൽക്കുന്ന ഈ ഭൂമികന്യകയുടെ ഉള്ളിൽ നിന്ന് നിന്റെ ഓർമയും നിന്റെ ഉള്ളിൽ നിന്ന് അവളുടെ ഓർമയും മായ്ച്ച് കളഞ്ഞിട്ട് ഭൂമിയും സ്വർഗ്ഗവും തമ്മിലുള്ള ബന്ധമറിഞ്ഞിട്ട് ഇവിടെ നിന്ന് യാത്ര ആരംഭിച്ചാൽ നിന്റെ ശിക്ഷകളുടെ കാഠിന്യം കുറഞ്ഞുകിട്ടും.

ഭൂമി ഉപേക്ഷിക്കുന്നതിനു മുമ്പ് ഇവളെ പങ്കിലയാക്കി തള്ളിയില്ലെങ്കിൽ  മനുഷ്യനോ ഗന്ധർവനോ അല്ലാത്ത ദുർഗന്ധം വമിക്കുന്ന വികൃത ജീവിയായി കോടി കല്പങ്ങൾ നിനക്ക് കഴിയേണ്ടി വരും.

ഗന്ധർവ്വൻ : സാരമില്ലച്ഛാ…എനിക്കീ ഓർമ മതി

ദേവലോകശബ്ദം : ഒന്നുകൂടി ഓർക്കുക. നീ ഇവളോടൊപ്പം ചെലവിടുന്ന ഓരോ നിമിഷത്തിനുമൊപ്പം ശാശ്മല നരകത്തിൽ ഇരുമ്പുകൊണ്ടും കല്ലുകൊണ്ടുമുണ്ടാക്കിയ ചുട്ടുപഴുപ്പിച്ച സ്ത്രീരൂപങ്ങളുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയിൽ അവശേഷിപ്പിച്ച ഓർമയ്ക്ക് വിലയായി അവയെയെല്ലാം നീ ആലിംഗനം ചെയ്യേണ്ടി വരും. അവയോടൊപ്പം രാത്രികൾ ശയിക്കേണ്ടിവരും.

ഈ രാത്രി തീരാറാകുന്നു. നിനക്ക് പിൻവാങ്ങാനുള്ള നേരമടുക്കുന്നു. ഓർത്തോളൂ, ശിക്ഷയുടെ കാഠിന്യം കുറയ്ക്കാൻ എന്റെ പുത്രന് ഇനി കുറച്ചു നാഴികകൾ മാത്രം.

        (കാറ്റ് വീശുന്നു)

ഗന്ധർവ്വൻ: കരയരുത്. വേർപാട് എന്നായാലുമുണ്ട്. എല്ലാവർക്കുമുണ്ട്. നമുക്കിപ്പോൾ ഇങ്ങനെ. പറഞ്ഞിട്ടുപോകാൻ കഴിഞ്ഞല്ലോ. അതുതന്നെ വലിയ സമാധാനം…..

പുക മാഞ്ഞു തുടങ്ങുന്നു.

ഭാമ: പുലരാനിനി എത്രയുണ്ട്?

ഗന്ധർവ്വൻ : ഒരുപാടുണ്ട് .

ഭാമ : ഈ നിൽക്കുന്ന ഓരോ നിമിഷവും…

ഗന്ധർവ്വൻ: അവിടെ പഴുപ്പിച്ച സ്ത്രീ പ്രതിമകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതാണോ? ഉണ്ടാവട്ടെ. നിന്റെ ഓർമ എന്റെയൊപ്പം ഉണ്ടെങ്കിൽ എനിക്ക് ഭയമില്ല. പുൽകുന്ന ഓരോ തീ പ്രതിമയെയും ഞാൻ നീയാക്കി മാറ്റും. എനിക്ക് പൊള്ളില്ല.

ഭാമ: പക്ഷെ എനിക്ക് പൊള്ളും. എന്റെ പകലുകളിൽ ശിക്ഷയുടെ ചാട്ടയടികൾ മുഴങ്ങി കേട്ടുകൊണ്ടിരിക്കും. അത് കേൾക്കാൻ പാടില്ല. അങ്ങ് ശിക്ഷിക്കപ്പെടാൻ പാടില്ല. അതും നിസ്സാരയായ ഈ ഞാൻ കാരണം.

ഗന്ധർവ്വൻ : പക്ഷെ എനിക്ക് ….

ഭാമ : അങ്ങനെയല്ല. ഈ ഓർമ എനിക്കും വിലപ്പെട്ടതാണ്. ഇതിനപ്പുറത്ത് ഭൂമിയിലൊരു പെണ്ണിനും ഒന്നും കിട്ടാനില്ല. ഇതും കൊണ്ട് മരിക്കാനാഗ്രഹിക്കുന്നവളാണ് ഞാനും. പക്ഷെ അതിന്റെ പേരിൽ അങ്ങ് ശിക്ഷിക്കപ്പെടാൻ പാടില്ല. അത് ഞാൻ സമ്മതിക്കയില്ല. ഭൂമിയും സ്വർഗ്ഗവും തമ്മിലുള്ള ബന്ധത്തിന്റെ ഈ കണ്ണി അറ്റുപൊയ്ക്കോട്ടെ. പക്ഷെ സദാ തീയും പുകയും വമിയ്ക്കുന്ന ഒരു ഓർമയായി എന്നിലവശേഷിക്കാൻ ഞാനനുവദിക്കില്ല. വേർപാടിന്റെ ഈ രാത്രി കഴിഞ്ഞാൽ ഞാനൊറ്റയ്ക്കുണരുന്ന നാളത്തെ പുലരിയിൽ എന്നെ വേട്ടയാടാൻ പോകുന്ന ഏറ്റവും വലിയ പീഡനം എന്റെ കന്യകാത്വമാണെന്ന് ഞാനറിയുന്നു. എനിക്കതാവശ്യമില്ല. നരകങ്ങളുടെയും ശിക്ഷകളുടെയും കാഠിന്യം കുറയുമെങ്കിൽ അടിമയും പരിചാരികയും ദാസിയും പേറുന്ന ഓര്മയറ്റ മനസ്സ് എനിക്ക് തരൂ.

                                                                –സന്തോഷ് കാനാ (Santhosh Kana) (a reading of the film ‘Njaan Gandharvan’)