“ഓ, മൃദുലേ… ഹൃദയമുരളിയിലൊഴുകി വാ….” ഞാന്‍ തുടങ്ങിയപ്പോള്‍ ചന്ദ്രേട്ടന്‍ ഭ്രാന്തമായ ആവേശത്തോടെ “പോരെട്ടെടാ മോനേ” എന്നാര്‍ത്തു. പിന്നെ ആ പാട്ടിന്റെ കൂടെ കണ്ണടച്ച് ഞാന് യാത്രയായി. ഏതോ ഒരവരോഹണത്തില്‍ കണ്ണ് തുറന്നപ്പോള്‍ ജോണി വാക്കര്‍ റെഡ് ലേബല്‍  വെച്ച ടീ ടേബിളിനടുത്ത് നിലത്തിരുന്ന് ചന്ദ്രേട്ടന്‍ കരയുന്നു. ഇത് ഒരു അപൂര്‍വ കാഴ്ചയല്ല. ചന്ദ്രേട്ടന്‍ നന്നായി പാടാനറിയില്ലെങ്കിലും പാട്ടിന്റെ തോളത്ത് കൈവച്ച് എന്റെ കൂടെ യാത്ര ചെയ്യാന്‍ ഒരു ആത്മസഹയാത്രികന്‍ എന്നും ഉണ്ടായിരുന്നു.
ഒരു കാലത്ത് എന്റെ ഗ്രാമത്തിലെ നാടക സംഘങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ചന്ദ്രേട്ടന്‍. ചന്ദ്രേട്ടന്‍ നാടകത്തില്‍ വേഷമൊന്നും ഉണ്ടായിരുന്നില്ല. മറിച്ച് നാടകത്തെ വേഷം ധരിപ്പിച്ച് അരങ്ങില്‍ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഒരു വല്യേട്ടനെ പോലെ  ചന്ദ്രേട്ടന്‍ ഉണ്ടായിരുന്നു. ഒരു നാടകാവതരണം കഴിയുമ്പോഴേക്കും താമസമുറിയില്‍ മദ്യവും മാംസവും എത്തിക്കാന്‍ ഒരാളെ ഉണ്ടായിരുന്നുള്ളൂ , എന്റെ ചന്ദ്രേട്ടന്‍. ചില രാത്രികളില്‍ ചന്ദ്രേട്ടന്‍ വാചാലനാകും. “എനിക്ക് ഒരു നാടകമെഴുതണം. പക്ഷെ, വാക്കുകള്‍ കൈവിട്ടു പോകുന്നു. എന്റെ മനസ്സില്‍ നാടകമുണ്ട്. എനിക്ക് ഓരോ സീനും കൃത്യമായി കാണാം. പക്ഷെ…..” “നമുക്കെഴുതാം, ചന്ദ്രേട്ടാ” എന്ന് ഞാന്‍ ഉറപ്പ് നല്‍കും. “മോനേ, നമുക്കത് ചെയ്യണം” ആ വാക്കുകള്‍ ആര്ദ്രമാകും. പിന്നെ മദ്യമുണര്ത്തുന്ന കലാ വാസനകളുടെ ആ അരങ്ങില്‍ ചന്ദ്രേട്ടന്‍ നിശബ്ദനാകും. സൂക്ഷിച്ചു നോക്കിയാലറിയാം…. ആ മുഖത്ത് രോഷമുണ്ട്, ദുഖമുണ്ട്. നജീബും, രാമകൃഷ്നേട്ടനും, ഗോപിയേട്ടനും ആല്ത്തറമേല്‍ നൃത്തം ചവിട്ടും പോലെ “ആലായാല്‍ തറ വേണം” പാടുമ്പോള്‍ ചന്ദ്രേട്ടന്‍ അപ്രത്യക്ഷനാകും. പിന്നെ താമസമുറിയുടെ പുറത്ത് ഇരുട്ടിന്റെ നിശബ്ദതയോ ട്  ഒരു പുകച്ചുരുള്‍ സംവദിക്കുന്നത് കാണാം. ആ സംവാദത്തെ തടസ്സപ്പെടുത്താന്‍ ഞാനൊരിക്കലും ശ്രമിച്ചിട്ടില്ല. കൈത്തണ്ടയില്‍ നാരങ്ങ പിഴിഞ്ഞ് ഉപ്പിട്ട് വോഡ്ക ഒരൊറ്റ വലി.  ചന്ദ്രേട്ടന്‍ പിന്നെ “കാറ്ററിയില്ല, കടലറിയില്ല അലയും തിരയുടെ വേദന….” എന്ന് ഇടറിയ സ്വരത്തില്‍. പുകയിലയുടെ നിശ്വാസങ്ങള്‍ കാര്‍ന്നുതിന്ന ശ്വാസകോശത്തിന്റെ ഉള്ളറകളെക്കാളുപരി , മദ്യത്തിന്റെ കയ്പ് അലിയിച്ച കരളിന്റെ വേരുകളെക്കാലുപരി ചന്ദ്രേട്ടന്റെ തലച്ചോറിന്റെ അതിര്‍വരമ്പുകളെ അലട്ടിയിരുന്നത് മറ്റെന്തോ ആയിരുന്നുവെന്നത്‌ ഒരു പക്ഷെ ലോകമറിഞ്ഞിരുന്നില്ല. മദ്യ സദസ്സുകളില്‍ മനസ്സ് തുറക്കുന്നവര്‍ ഒരു പാടുണ്ട്. പക്ഷെ, എല്ലാ ആഘോഷങ്ങളിലും ഒരു നിഗൂഡ മൌനത്തിലേക്ക്‌ പിന് വലിയുന്നവരുമുണ്ട്. ഒരു കുപ്പി റം ഒരു കിണറു പാത്രം പോലെ ആഴത്തിലിറങ്ങി കാണാപ്പടവുകള്‍ക്കപ്പുറത്തെ മനുഷ്യനെ മുന്നില്‍ കൊണ്ടു വന്നു നിര്‍ത്തും. ചിലര്‍ക്ക് സ്വന്തം മക്കളുടെ ഭാവി സ്വപ്‌നങ്ങള്‍, മറ്റു ചിലര്‍ക്ക് നഷ്ട സ്വപ്നങ്ങളുടെ കയ്പ് മാത്രം. എന്തായാലും ഒന്നുണ്ട്. പരദൂഷണം മദ്യ സദസ്സുകളില്‍ ഞാന്‍ കണ്ടിട്ടില്ല. കള്ളു കുടിയന്‍ എന്ന ദുഷ്പേര്‍ ഒരാള്‍ക്കുണ്ടായിരിക്കാം. പക്ഷെ, കുടിക്കാത്ത, മദ്യത്തിന്റെ നാറ്റമില്ലാത്ത എത്രയോ ക്രൂരന്മാരെ എനിക്കറിയാം. ആ നാടക സംഘം ഇന്നില്ല. അതിന്റെ കെട്ടിടം നിന്നിരുന്ന സ്ഥലത്ത് തറ മാത്രം. ചുറ്റും കാട് പിടിച്ചിരിക്കുന്നു. ചിലപ്പോഴൊക്കെ ആ വഴി പോകുമ്പോള്‍ ചന്ദ്രേട്ടന്‍ റിഹെര്സലുകളുടെ വൈകിയ രാത്രികളില്‍ പാടാനാവശ്യപ്പെട്ടിരുന്ന “ഓ  മൃദുലേ ,…. ഹൃദയ മുരളിയിലൊഴുകി വാ …” എന്ന പാട്ടും “കാറ്ററിയില്ല …കടലറിയില്ല…” എന്ന പാട്ടും ഓര്മ വരും. ചന്ദ്രേട്ടന്‍ രണ്ട് പെണ്മക്കളാണ്. രണ്ടു പേരെയും കൂട്ടി രാവിലെ എന്റെ വീടിന്റെ മുന്നിലെ റോഡിലൂടെ പോകുന്ന ചന്ദ്രേട്ടന്റെ മുഖത്തെ നിഷ്കളംഗമായ ചിരി ഞാനിന്നും ഓര്‍ക്കുന്നു. അല്പം കോങ്കണ്ണ്ഉ ള്ള , താടിവെച്ച ആ മുഖം എളുപ്പം മായില്ല. നിറയെ എണ്ണ തേച്ച്, നീട്ടി ചീകിയ ചുരുള മുടി. മുന്നിലല്പം കഷണ്ടിയുണ്ട്. “അടിയന്തിരാവസ്ഥ അറബിക്കടലില്‍ ” എന്നെഴുതിയ, പഴയ കെട്ടിട സമുച്ചയങ്ങളുടെ രണ്ടാമത്തെ നിലയില്‍, നാഷണല്‍ ഹൈവേ യിലേക്ക് തുറക്കുന്ന ജനാലക്കരികിലിരുന്നു ബീഡി തെരക്കുന്ന ചന്ദ്രേട്ടന്റെ അടുത്തുതന്നെ റേഡിയോയുമുണ്ടാകും. ചന്ദ്രേട്ടന്‍ ശോക ഗാനങ്ങളോടാണ് എന്നും പ്രിയം. ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ ഗാന മേളകള്‍ കാണാന്‍ ചന്ദ്രേട്ടനും, കുടുംബവും പതിവായി പോകാറുള്ള കാഴ്ച ഇപ്പോഴും മനസ്സിലുണ്ട്. ഇളയ കുട്ടിയെ തോളിലെടുത്ത്, മൂത്ത കുട്ടിയുടെ കൈയും പിടിച്ച്. പിന്നാലെ ചിലപ്പോള്‍ ഭാര്യയും. ആ യാത്രയിലും നിഷ്കളങ്കമായ ആ ചിരി എനിക്ക് കരുതിയിട്ടുണ്ടാകും. ചന്ദ്രേട്ടന്‍ എന്റെ അഛ്ചനെ വലിയ ബഹുമാനമാണ്. അതുകൊണ്ട് തന്നെ അഛ്ചനെ കാണുമ്പോള്‍ മുണ്ട് മടക്കി കുത്താറില്ല. എന്റെ ഒരു ബന്ധുവിന്റെ കല്യാണം ക്ഷണിക്കാനാണ് ഞാനൊരുച്ചയ്ക്ക് ചന്ദ്രേട്ടന്റെ വീട്ടിലെത്തിയത്. പരന്നു കിടക്കുന്ന പാടത്തിനരികെ ഒരു ചെറിയ വീട്. സിമെന്റ് ചെയ്യാത്ത ചുമരില്‍ ചന്ദ്രേട്ടന്റെ ബ്ലാക്ക് ഏന്റ് വൈറ്റ് ചിത്രം. പിന്നെ കുടുംബവുമൊത്ത്. ഞാന്‍ വാതിലില്‍ മുട്ടിയപ്പോള്‍ അകത്ത് നിന്ന് പതിഞ്ഞ സംസാരം. കോലായില്‍ ഒരു വിലകൂടിയ ചെരിപ്പ് കണ്ടു. ആരും വാതില്‍ തുറക്കാത്തതിനാല്‍ ഞാന്‍ തിരിഞ്ഞ് നടന്നപ്പോള്‍ പിന്നില്‍ വാതില്‍ ശബ്ദം. ചന്ദ്രേട്ടന്റെ ഭാര്യ വാതില്‍പ്പടിയില്‍.വെ വെളുത്ത്, തടിച്ച് ചന്ദ്രേട്ടനെക്കാളും അല്പം നീളം കൂടിയ ശരീരം. ലുങ്കിയുടുത്തത് അല്പം തിരക്കിലാണെന്ന് കണ്ടാലറിയാം.ചുവന്ന ബ്ലൗസിനരികിലൂദെ ബ്രായുടെ വള്ളികള്‍ ചിലത് പറയാന്‍ തിടുക്കം കൂട്ടുന്നതുപോലെ തള്ളി നിന്നു. കക്ഷത്തില്‍ വിയര്‍പ്പിന്റെ പാടുണ്ടെങ്കിലും ഒരത്തറിന്റെ തീവ്ര ഗന്ധം!! “ചന്ദ്രേട്ടനില്ലേ?” ഞാന്‍ ചോദിച്ചു. “ഇല്ല. മക്കളെയും കൂട്ടി തെയ്യം കാണാന്‍ പോയിരിക്കുകയാ. എന്താ?” കല്യാണക്കാര്യം പെട്ടെന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങി. കര്‍ക്കടകത്തിലെ ഇടി മിന്നലുള്ള ഒരു രാത്രിയില്‍ നമ്മുടെ അയല്‍ക്കാരന്‍ മാധവേട്ടന്‍ വീട്ടില്‍ വന്ന് അഛ് ചനോട്‌ ഗൌരവമായി എന്തോ സംസാരിക്കുന്നത് കണ്ടു. “ചന്ദ്രനെ കാണാനില്ലത്രേ!!!” അഛ്ചനെന്നോട് പറഞ്ഞു. ഇടിമിന്നലിലൊന്നില്‌ എന്റെ ഹൃദയ മിടിപ്പും അലിഞ്ഞു ചേര്‍ന്നു. “എപ്പോള്‍? എന്തു പറ്റി?” എന്റെ മനസ്സ് അസ്വസ്ഥമായി. “കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഇവിടെ കയറി എന്നോട് ഇരുനൂറു രൂപ വാങ്ങീട്ടാണ് പോയത്. ഞാന്‍ പാല് വാങ്ങാന്‍ ഓട്ടോ റിക്ഷക്കായി കാത്തു നില്‍ക്കുകയായിരുന്നു. പതിവ് രീതിയില്‍ “മാഷേ” എന്ന് വിളിച്ച് ചിരിച്ചെങ്കിലും ആളല്പം അസ്വസ്ഥനായിരുന്നു. ഒരു അത്യാവശ്യ കാര്യമുണ്ട്. രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചു തരാമെന്നും പറഞ്ഞിട്ടാണ് പോയത്. രണ്ടു ദിവസം മുന്പ് കാസര്‍കോട്ടിനടുത്തേതോ ഒരു കശുവണ്ടി തോട്ടത്തില്‍……………….. തിരിച്ചറിയാന്‍ ആരൊക്കെയോ പോയിരുന്നത്രേ. മുഖം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. വല്ലാതെ പഴകിയിരുന്നു. വാച്ചും, ബനിയനും, അടിവസ്ത്രവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.” അന്ന് രാത്രി എനിക്കുറക്കം വന്നില്ല. “മോനേ……” എന്നാ വിളി മുറിയില്‍ മുഴങ്ങി നിന്നു. ആഴ്ച്ച്ചകള്‍ക്ക് ശേഷം ഒരു സായാഹ്നത്തില് വായനശാലയില്‍ കൂടിയിരുന്നവര്‍ മധ്യസ്ഥത്തിന്റെ കാര്യം സംസാരിക്കുന്നത് കേട്ടു . ചന്ദ്രേട്ടന്റെ അയല്‍ക്കാരന്‍ ദുബായിക്കാരന്‍ പവിത്രന്‍ ചന്ദ്രേട്ടന്റെ കുടുംബത്തിന്‍ നഷ്ടപരിഹാരമായി ഒരു തുക നല്‍കണം. ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ നാടകം കഴിഞ്ഞ് വീട്ടിലെത്തിയ ഒരു രാത്രിയില്‍ കോലായില്‍ വിലകൂടിയ ചെരുപ്പുകള്‍ ഉപേക്ഷിച്ച് അതിന്റെ കാലുകള്‍ ഓടുന്നത് ചന്ദ്രേട്ടന്‍ കണ്ടിരുന്നത്രേ . അത്തറിന്റെ ഗന്ധം നിറഞ്ഞ തന്റെ കിടപ്പു മുറിയില്‍ ഭാര്യയെ ചോദ്യം ചെയ്ത ചന്ദ്രേട്ടനെ അവര്‍ പരിഹസിച്ചുവത്രേ. ഇതെല്ലാം ഒരു നാടകമല്ല എന്ന തോന്നലിനോട് ചന്ദ്രേട്ടന്റെ മനസ്സിന്‍ തീരെ യോജിക്കാന്‍ കഴിഞ്ഞില്ല. തലച്ചോറിന്റെ കയ്യാലക്കെട്ടുകളിലേക്കും, ഇടവഴികളിലേക്കും പടര്‍ന്നു കയറിയ തണുപ്പിനെ ഉണര്‍ത്തിയത് അത്തറിന്റെ ഗന്ധമായിരുന്നു. ഇരുപത് വര്ഷം കഴിഞ്ഞു. ഇന്നും ചന്ദ്രേട്ടന്‍ ഒരു നിഗൂഡതയാണ്. ആത്മഹത്യ ചെയ്തെന്ന് ഞാന്‍ വിശ്വസിക്കില്ല. എവിടേക്ക് പോയി എന്നോ, എന്തായി എന്നോ കൃത്യമായി നിശ്ചയിക്കാന്‍ കഴിയാത്ത വിധം നിശബ്ദനായിരിക്കുന്നു . അത്രയെങ്കിലും ചന്ദ്രേട്ടന്‍ ചെയ്യേണ്ടതല്ലേ? — സന്തോഷ്‌ കുമാര്‍ കാന