വിഷു മനുഷ്യന്റെ പ്രകൃതിയോടുള്ള മുറിച്ചുമാറ്റാനാകാത്ത പൊക്കിൾ കൊടി ബന്ധത്തെ ഓർമപ്പെടുത്തലാണ്. ഓരോ കണിയും ആ സൂചനയുടെ വിവിധ കണ്ണികളാണ്. പ്രകൃതിയുമായി അകന്നുപോയ ഒറ്റ വംശമേയുള്ളൂ, അത് മനുഷ്യനാണ്. ഒരു സിംഹവും ആനയാകാൻ ശ്രമിക്കുന്നില്ല, മാനുകൾ മയിലുകളാകാനും. മനുഷ്യൻ മാത്രം മറ്റെന്തോ ആകാനുള്ള നിതാന്തമായ അന്വേഷണങ്ങളിലും, അലച്ചിലുകളിലും പെട്ട് സ്വന്തം ജീവ സ്രോതസ്സിൽ നിന്നും അകന്നുപോയിരിക്കുന്നു. വൈരുധ്യമെന്നു പറയട്ടെ, അവൻ തേടുന്നതും ഒരുപക്ഷെ തന്റെ സ്വത്വത്തെയാണ്. നഷ്ടപ്പെട്ട ഒന്നിനെയല്ലേ തേടാൻ കഴിയൂ. പ്രകൃതി വിരുദ്ധമായ ചൂഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് സ്വയം ഇല്ലാതാകുന്നു.

സ്വകാര്യ സ്വത്ത്, പണം എന്നിവയുടെ കണ്ടുപിടിത്തമാണ് മനുഷ്യ വംശം വരുത്തിവെച്ച വിനകൾ. പണം കൊണ്ട് പരിഹരിക്കാൻ കഴിയാത്ത പ്രതിസന്ധികൾ ഉണ്ട് എന്ന് നമ്മെ ഓർമപ്പെടുത്തുന്ന സാഹചര്യങ്ങൾ മനുഷ്യനു മുന്നിൽ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. ഇന്ന് മുതലാളിത്ത രാഷ്ട്രങ്ങൾ നേരിടുന്ന പ്രതി സന്ധികൾ വിരൽ ചൂണ്ടുന്നത് തികച്ചും അയഥാര്ഥമായ സമ്പദ് വ്യവസ്ഥയുടെയും, തജ്ജന്യമായ ജീവിത രീതികളുടെയും ദുരന്തങ്ങളിലേക്കാണ്.

ലോകം മുഴുവൻ ഒരു മഹാമാരിയുടെ തടവറയിൽ അകപ്പെട്ടിരിക്കുന്ന ഈ കാലത്ത് പതിവ് ശീലങ്ങളുടെ വിഷു കണിക്കാഴ്ചകളിൽ നാം ഒതുങ്ങിപ്പോകരുത്. നമുക്ക് ആത്മാവലോകനത്തിനുള്ള സമയമായി ഇതിനെ ഉപയോഗിക്കാം, ഒരു നേരത്തെ ഭക്ഷണം കണി കാണാൻ പോലുമില്ലാത്തവരെക്കുറിച്ചും, നീതി നിഷേധിക്കപ്പെട്ടവരെക്കുറിച്ചും സഹാനുഭൂതിയോടെ ഓർക്കാം. ഒരു പക്ഷെ, അത് പുതിയ കാഴ്ചപ്പാടുകളുടെ വെളിച്ചത്തിലേക്ക് ഇന്നത്തെ പുലരിയിൽ നമ്മുടെ കണ്ണുകൾ തുറപ്പിച്ചേക്കാം.

നാം ചോദിക്കേണ്ട ഏറ്റവും പ്രധാനമായ ചോദ്യം, ഭൂമി നിലനിൽക്കുമോ ഇല്ലയോ എന്നല്ല, ഭൂമിയുടെ നില നില്പിന് മനുഷ്യവംശത്തിന്റെ നിലനിൽപ്പ് അനിവാര്യമാണോ എന്നതാണ്.
സ്നേഹത്തോടെ,
സന്തോഷ് കാനാ

Santhosh Kana