“പരിന്ദ” യും “പ്രഹാർ”-ഉം മുതൽ പടർന്നു കയറിയ തിരശീലയിലെ കൊടുങ്കാറ്റാണ് നാനാ പാടേക്കർ. ശബ്ദ ഗാംഭീര്യവും, ദൃഢശരീര ഘടനയും കൊണ്ട് മറാത്തി നാടകമേഖലയിൽ നിന്ന് ആ മണ്ണിന്റെ മുഴുവൻ ചുടു രക്ത തീവ്രതയുമായി ബോളിവുഡിലെ മീശവെക്കാത്ത മിനുക്കിയ ചോക്ലേറ്റ് നായകകുട്ടികൾക്ക് പരുക്കൻ ജീവിത യാഥാർഥ്യങ്ങളുടെ  “പ്രഹര” വുമായി കടന്നുവന്ന താടിക്കാരൻ.  “ഇത്നി ശക്തി ഹമേ ദേന ധാതാ മൻ കാ വിശ്വാസ് കംസോർ ഹോ നാ” എന്ന പാട്ട് പിന്നീട് എത്രയോ വിദ്യാലയങ്ങളിലും, പൊതുവേദികളിലും ഉലയുന്ന പ്രതീക്ഷകളിൽ ഊർജം പകർന്നു. “നാനാ” ഇന്ത്യൻ സിനിമയിൽ ഒരു പുതു സാന്നിധ്യവും ആവേശവുമായി. “പ്രഹാർ”   “ക്റാന്തിവീർ”, “യെശ്വന്ത്”  തുടങ്ങിയ ചിത്രങ്ങൾ സാമൂഹിക രാഷ്ട്രീയ യാഥാർഥ്യങ്ങൾക്കു നേരെ അടച്ചുവെച്ച യുവ തലമുറയുടെ പ്രതിഷേധങ്ങൾക്കും,  ധാർമിക രോഷത്തിനും  നാനായുടെ തീതുപ്പുന്ന നോട്ടങ്ങളിലൂടെ, ചാട്ടവാർ പോലെ പതിക്കുന്ന സംഭാഷണങ്ങളിലൂടെ ആശ്വാസവും, ആവേഗവും നൽകി. രോഷം അച്ചടക്കത്തിന്റെയും, ഉന്മാദത്തിന്റെയും ശാരീരിക ഭാഷകളിൽ ആന്ദോളനം ചെയ്യുന്ന മായിക വിസ്മയമായി നാനാ.
ആത്മബലം, അചഞ്ചലമായ മനോധൈര്യം എന്നിവ കൊണ്ട്‌ ബോളിവുഡിന്റെ സിക്സ് പാക്കുകളെയും മസിൽ പ്രകടനങ്ങളെയും നിസ്സാരവും നിഷ്പ്രഭവുമാക്കി നാനാ അഭിനയത്തിനും, അനുഭവത്തിനും പുതുഭാഷ്യം ചമച്ചു. സാധാരണ മനുഷ്യന്റെ, വിയർപ്പിന്റെ ജീവിത ഗന്ധമുള്ള നിഷ്കളങ്കതകളെ മുഖത്തു കൊണ്ടുവരാൻ നാനായുടെ കണ്ണുകൾക്കും ചിരിക്കും തെല്ലുപോലും പ്രയത്നിക്കേണ്ടി വന്നില്ല. അത് തന്നെയാണ് അദ്ദേഹത്തെ മറ്റു പല പരുക്കൻ അഭിനേതാക്കളെക്കാളും വാത്സല്യയോഗ്യനാക്കുന്നത്. ആ ചിരി പിന്നീട് വ്യവസ്ഥയോടും, അസംബന്ധങ്ങളോടും മൂർച്ചയോടെ പ്രതികരിക്കുന്ന ആക്ഷേപ ഹാസ്യത്തിന്റെനയും, ദാര്ശനികതയുടെയും “നാറാണത്തു ഭ്രാന്തൻ” ചിരിയായി, രൂപകമായി വളർന്നു.
നാനായെന്ന നടനും, നാനായെന്ന മനുഷ്യനും എപ്പോഴോ റിയൽ/റീൽ അതിരുകൾ തകർത്ത് ഒന്നായി. വാർപ്പ് മാതൃകകളിലേക്ക് ഒതുങ്ങുന്ന തൻ്റെ കഥാപാത്രങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും, മഹാരാഷ്ട്രയിലെ കർഷകർക്ക് വേണ്ടി പ്രവർത്തിക്കാനും സജീവ സാമൂഹിക ഇടപെടലുകൾ നടത്താനും നാനാ നടത്തുന്ന ശ്രമങ്ങൾ ഹീറോയിസത്തെ തിരശീലയിൽ നിന്ന് നിത്യജീവിതത്തിലേയ്ക്ക് അർത്ഥവത്തായി പരിഭാഷപ്പെടുത്തുന്നുണ്ട്.
ഷിമിത് അമീൻ ആദ്യമായി സംവിധാനം ചെയ്ത “അബ് തക് ച്ചപ്പൻ”(Ab Tak Chhappan)  എന്ന ചിത്രത്തിലെ ക്രൈം ബ്രാഞ്ച് ഓഫീസർ (മുംബൈ എൻകൗണ്ടർ സ്പെഷ്യലിസ്റ് ഓഫീസർ ദയാ നായകിന്റെ ജീവിതത്തെ ആധാരമാക്കി) നാനായുടെ കരിയറിലെ, എനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമയാണ്. അദ്ദേഹത്തിന്റെ തന്നെ സ്ഥിരം മാനറിസങ്ങളിൽ നിന്ന് ഏറെ സംയമനം പാലിച്ചുള്ള അതിശക്തമായ സ്ക്രീൻ സാന്നിധ്യം. ക്ലൈമാക്സ് സീനിൽ അണ്ടർ വേൾഡ് ഡോണുമായി നടത്തുന്ന ദീർഘ സംഭാഷണം മാത്രം മതി നാനാ പാടേക്കർ എന്ന നടന്റെ അഭിനയത്തിലെ വശ്യതാളവും, മാസ്മരിക പ്രഭാവവും അറിയാൻ, അനുഭവിക്കാൻ. The most stylish actor without a style !!
                                                            -സന്തോഷ് കാനാ (Santhosh Kana)
(with Nana Patekar in Goa)