അനിതരസാധാരണമായ ഭാവനാശക്തികൊണ്ടും വാക്യശൈലികൊണ്ടും വാചകസമ്പത്തുകൊണ്ടും തികച്ചും വ്യത്യസ്തമാണ് ശ്രീ സന്തോഷ്‌ കാനയുടെ കാഠ്മണ്ഡു എന്ന സൃഷ്ടി. പ്രതേകിച്ചും യാത്രാംക്ഷുക്കളായ വായനക്കാരുടെ നേപ്പാളിനെ കുറിച്ചുള്ള മുൻധാരണകളെല്ലാം തിരുത്തിക്കുറിച്ചുകൊണ്ട് കപടസദാചാരബോധത്തിന്റെ മുഖംമൂടി ആവശ്യത്തിനും അനാവശ്യത്തിനും എടുത്തണിയുന്ന മലയാളികളുടെ ഉള്ളിലിരുപ്പും കയ്യിലിരിപ്പും പച്ചയായി തുറന്നുകാണിച്ചുകൊണ്ട് യാഥാർഥ്യങ്ങളെ വ്യക്തമാക്കുന്ന ചില സന്ദർഭങ്ങൾ ഈ സൃഷ്ടിയിൽ ഉണ്ട്. ചിലഘട്ടങ്ങളിൽ വായനക്കാരന് ആസ്വദിക്കാൻ പറ്റുന്ന ഫലിതങ്ങൾ ഉൾപ്പെടുത്തുകയും അതെ സമയം സൃഷ്ടിയുടെ അർത്ഥവത്തായ കാതലിനെയും സദുദ്ദേശത്തെയും എടുത്തുകാണിക്കുകയും ചെയ്തിരിക്കുന്നു എഴുത്തുകാരൻ.

ഏതൊരു പുസ്തകത്തിലും വലുതായാലും ചെറുതായാലും അതിന്റെതായ വാചകക്രമീകരണവും സന്ദർഭോചിതമായ അവതരണചാതുര്യവും അത്യന്തം പ്രാധാന്യമുള്ളതും വിഷമകരവുമാണ്. അതിൽ എഴുത്തുകാരൻ ഏറെക്കുറെ വിജയിച്ചിരിക്കുന്നു എന്നത് വായനക്കാരനായ എന്നിൽ ആകാംഷയും പുതിയ സ്ഥലങ്ങളെകുറിച്ചറിയാനുള്ള ആവേശവും എന്നിലുളവാക്കി എന്ന കാരണമാണ്. കഠ്മണ്ഡുവിൽ നിന്നും എഴുത്തുകാരൻ തന്റെ വീട്ടിലേക്കെഴുതിയ കത്ത് അദ്ദേഹത്തിന്റെ ഗതകാലസ്മരണകൾ പുളകം കൊള്ളിക്കുന്ന തന്റെ ഗ്രാമത്തെയും കുട്ടിക്കാലത്തേയും സ്നേഹമസൃണമായ രക്ഷിതാക്കളുടെ വാത്സല്യത്തെയും എടുത്തുകാണിക്കുന്നു. ഏതൊരു വായനക്കാരന്റെ ഉള്ളിലും തന്റെ ഗതകാലങ്ങൾ ഓർമ്മവരുന്ന ജീവിതഗന്ധിയും ഹൃദയസ്പർശിയുമായ നിമിഷങ്ങൾ സൃഷ്ടിക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട് എന്നതിൽ സംശയമില്ല.

പശുപതിനാഥിൽ തുടങ്ങി, ബറാഹിമന്ദിറിലും, അന്നപൂർണ പർവ്വതനിരകളിലും ഏകദേശം അവസാനിപ്പിക്കുന്ന ഈ യാത്രാ വിവരണത്തിന്റെ പലഘട്ടങ്ങളിലും മനുഷ്യൻ ഇന്ന് മനഃശാന്തിക്ക് വേണ്ടി തേടുന്ന മഹത്തായ ആധ്യാത്മീകതയെ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന പലനിമിഷങ്ങളിലും എഴുത്തുകാരൻ ഒരു സാധാരണക്കാരനായി പരാവശ്യത്തോടുകൂടി സ്വതസിദ്ധമായ ഭക്തിസാന്ദ്രതയിലേക്ക് വീഴുന്നു എന്നത് സൂചിപ്പിക്കാതെ വയ്യ.

ഒരുകാലത്ത് മലയാളികളെ കോരിത്തരിപ്പിച്ച” യോദ്ധ “എന്ന ചിത്രത്തിലെ അക്കോസോട്ടോവിനെ തേടിയുള്ള യാത്രയും ഏതൊരു മലയാളിക്കും പ്രതേകിച്ചും ശ്രീ മോഹൻലാൽ ആരാധകർക്കും ഹൃദയാനന്ദം നൽകുന്നതാണ്. തന്റെ യാത്രയിലെ സമർപ്പണവും നിശ്ചയദാർഢ്യവും ഏതൊരു യാത്രാംക്ഷുവായ വായനക്കാരനും പ്രചോദനമാണ്.വിവരണത്തിന് അനുസരിച്ചുള്ള ചിത്രങ്ങളും വായനക്കാരിൽ പോയതിന് സമാനമായ അനുഭൂതി ഉളവാക്കുന്നുണ്ട്.

ഈ പുസ്തകം കയ്യിലുണ്ടെങ്കിൽ ഏത് മലയാളിക്കും ആരോടും കളവുപറയാം, “ഞാൻ നേപ്പാളിൽ പോയിട്ടുണ്ടെന്ന്”

അത്രമാത്രം വിശദീകരണം കഠ്മണ്ഡുവിലുണ്ട്. ഇനി നേപ്പാളിൽ പോകാൻ ആഗ്രഹിക്കുന്നവർ ഈ പുസ്തകം യാത്രയ്ക്ക് മുൻപ് വായിക്കുന്നതും യാത്രയിൽ കയ്യിൽ സൂക്ഷിക്കുന്നതും ഉചിതമായിരിക്കുമെന്ന് ഞാൻ കരുതുന്നു.

യാദൃശ്ചികത കൊണ്ടോ പൂർവ്വജന്മബന്ധം കൊണ്ടോ ദൈവതീരുമാനം അറബിക്കടലിന്റെ റാണിയുടെ വിരിമാറിലെ പഞ്ചനക്ഷത്രഹോട്ടലിൽ വച്ച് ഒരു നിയോഗം പോലെ ശ്രീ സന്തോഷ്‌ കാനയും ഞാനും കണ്ടുമുട്ടി. അറിയില്ല.. “എല്ലാം പ്രകൃതി നിശ്ചയിച്ചതാണ്… നേരത്തെ നിശ്ചയിച്ചതാണ്. “

By Harisankar.

Thank you Hari😍😍🙏 #kathmandu #kathmandubook #kanatravelogue #nepalmalayalambook #kana#kathmandukerala #bookreview #കാനാ #കാഠ്മണ്ഡു #നേപ്പാൾയാത്ര