“അൽപസമയത്തിനകം തന്നെ അയാൾ മയക്കത്തിലാണ്ടു. താൻ ബാല്യകാലം കഴിച്ചുകൂട്ടിയ ആഫ്രിക്കയും, നീണ്ടുകിടക്കുന്ന, സ്വർണ നിറമാർന്നതും വെളുത്തതുമായ അവിടത്തെ കടലോരങ്ങളും-കണ്ണുകളെ വേദനിപ്പിക്കും വിധം അത്യധികം വെണ്മയാർന്നവ-ഉയരമുള്ള കുന്നുകളും തവിട്ടുനിറമുള്ള വലിയ പർവ്വതങ്ങളും അയാൾ സ്വപ്നത്തിൽ കണ്ടു. ഈയിടെയായി ഓരോ രാത്രിയും അയാൾ ആ തീരത്താണ് ജീവിക്കുന്നത്. സ്വപ്നത്തിൽ അയാൾ തിരമാലകളുടെ അലയൊലി കേട്ടു. നാടൻ വള്ളങ്ങൾ അതിലൂടെ സഞ്ചരിക്കുന്നതും കണ്ടു. ഉറക്കത്തിൽ അയാൾ കപ്പൽത്തട്ടിൽ നിന്നുള്ള ടാറിന്റെയും സഹനത്തിന്റെയും ഗന്ധമറിഞ്ഞു. പ്രഭാതത്തിൽ കരക്കാറ്റിൽ പേറിയെത്തുന്ന ആഫ്രിക്കയുടെ ഗന്ധവും….”(കിഴവനും കടലും: ഹെമിങ്‌വേ)
ഹെമിങ്‌വേയുടെ ഈ നോവലിനെ നാടകരൂപത്തിൽ അവതരിപ്പിക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. പ്രത്യേകിച്ചും പ്രൊസീനിയം എന്ന നാടക സങ്കല്പത്തിൽ/രീതിയിൽ ഉറച്ചു നിന്ന് കൊണ്ട്. ഈ വെല്ലുവിളിയെ അതി ശക്തമായി, വിജയകരമായി നേരിട്ടുകൊണ്ടാണ് ശ്രീ ശശിധരൻ നടുവിൽ(Sasidharan Naduvil) “കിഴവനും കടലും” നാടകരൂപത്തിൽ അവതരിപ്പിക്കുന്നത്. ഓപ്പൺ സ്റ്റേജിലോ, ഒരു കടൽ തീരത്തോ ആണ് ഈ നാടകം അവതരിപ്പിച്ചിരുന്നതെങ്കിൽ ഈയൊരു പരീക്ഷണത്തിന്റെ സാധുതയും, സാധ്യതയും കുറയുമായിരുന്നു. പരിമിതികളുടെ പരമ്പരാഗത ഇടങ്ങളിൽ നിന്നുകൊണ്ട്, ലഭ്യമായതിൽ നിന്നുകൊണ്ട് അലഭ്യമായതിനെയും, അറിഞ്ഞതിൽ നിന്നുകൊണ്ട് അജ്ഞാതമായതിനെയും അനുഭവത്തിലൂടെ ധ്വനിപ്പിക്കുന്നതിലാണ് യഥാർത്ഥ പരീക്ഷണം എന്നാണ് എന്റെ വിശ്വാസം.
സാന്തിയാഗോ തോണിയുമായി കടലിലേക്ക് അകലുന്ന രംഗം നോക്കി തീരത്തു നിൽക്കുന്ന മനോലിനൊപ്പം കാണികളും കരയിൽ നിന്ന് കടലിലേക്കുള്ള ദൂരം അനുഭവിച്ചറിയുന്ന നിമിഷം നാടകത്തിന്റെ സാങ്കേതിക മികവിന്റെ അത്ഭുതങ്ങളിലൊന്നാണ്. നോവലിലെ നീണ്ടതും അത്യന്താപേക്ഷിതവുമായ വിവരണങ്ങളെ സ്റ്റേജിൽ ഇരുട്ട് പരത്തി സ്റ്റേജിനു പുറത്തൊരിടത്ത് സ്പോട്ട് ലൈറ്റിൽ വായിച്ചുകേൾപ്പിക്കുന്നയിടത്തു മാത്രമാണ് നാടകം ഭൗതികമായി സ്റ്റേജിനു പുറത്തേക്ക് പോകുന്നത്. മനോജ് സ്വാഭാവികവും, അകൃത്രിമവുമായ അഭിനയത്തിലൂടെ സാന്തിയാഗോയ്ക്ക് ജീവൻ നൽകുന്നു.
കാണികളെ മുഴുവൻ കടലിന്റെ ഇരമ്പലും, വ്യാപ്തിയും അനുഭവിപ്പിക്കാനും  സാന്തിയാഗോയുടെ ഏറ്റുമുട്ടലുകളിലും അസ്തിത്വ സംഘർഷങ്ങളിലും, മൗനങ്ങളിലും ഏകാന്തതകളിലും കൂടെ ചേർക്കാനും കഴിയുന്നു എന്നതാണ് ഈ നാടകാവിഷ്കാരത്തിന്റെ വിജയം. സ്റ്റേജ് കരയും കാണികൾ ഇരിക്കുന്ന വിശാലമായ ഇരുട്ട് കടലുമാകുന്ന അനന്യമായ അനുഭവം. കടലിന്റെ താളവും, കടലുളവാക്കുന്ന ഭീതിയും, തിരമാലകളുടെ ക്ഷുബ്ധവും, സൗമ്യവുമായ നിതാന്തശബ്ദവും, മത്സ്യങ്ങളും, സ്രാവുകളും, അത്ഭുതങ്ങളുടെ ആഴങ്ങളും, നീലപ്പരപ്പും നിഗൂഢതകളുടെ അജ്ഞാതലോകവും, കടലിൽ വ്യാപിക്കുന്ന മത്സ്യത്തിന്റെ കറുത്തമേഘം പോലെയുള്ള രക്തവും തുടങ്ങി കടലെന്ന ദുർഗ്രാഹ്യതയുടെ അനന്തമായ ലോകത്തെ ഏതാനും മണിക്കൂറുകളാണ് കാണികൾ പിരിമുറുക്കങ്ങളിലൂടെയും, പ്രതീക്ഷകളിലൂടെയും, കടലിന്റെയും മനസിന്റെയും വിവിധ അവസ്ഥാന്തരങ്ങളിലൂടെയും അനുഭവിക്കുന്നത്.  തീഷ്ണാനുഭവങ്ങളുടെ ഒരു കടൽ യാത്ര കഴിഞ്ഞു വന്ന പ്രതീതിയാണ് ഈ നാടകം മനസ്സിൽ അവശേഷിപ്പിക്കുന്നത്, തീവണ്ടി യാത്ര കഴിഞ്ഞാലും ഏറെ നേരം ശരീരത്തിൽ ബാക്കി നിൽക്കുന്ന താളം പോലെ കടൽ ചൊരുക്കുപോലെ എന്തോ ഒന്ന് ആഴത്തിൽ കാണികളിൽ പ്രവേശിക്കുന്നു. അതോടൊപ്പം കടലോളം ആഴവും പരപ്പുമുള്ള ജീവിതത്തിലെ പ്രതിസന്ധികൾക്കുമുന്നിൽ പരാജയം സമ്മതിക്കാതെ പൊരുതുന്ന നിസ്തുലമായ ഇച്‌ഛാശക്തിയെയും സുദൃഢമാക്കുന്നു. “ഒരു മനുഷ്യനെ നശിപ്പിക്കാനായേക്കും, എന്നാൽ അവനെ തോൽപ്പിക്കാനാവില്ല”.   (a man can be destroyed but not defeated)
                                                  –സന്തോഷ് കാനാ/santhosh kana