(ജനുവരി 20, 2005 ന് അന്തരിച്ച ഹിന്ദി സിനിമാ നടി പര്‍വീണ്‍ ബാബിയ്ക്ക് )
പൂജയ്ക്ക് ശേഷമാണ് വടക്കേ ഇന്ത്യയില്‍  ശിശിരകാലം തുടങ്ങുന്നത്. ദീപാവലി കഴിഞ്ഞ് ആറാമത്തെ ദിവസമാണ് ഛഠ പൂജ.
ഞാന്‍ പശ്ചിമ ബംഗാളിലെ റാണിഗന്‍ജ് എന്ന സ്ഥലത്തെ കല്‍ക്കരി ഖനിയിലെ കേന്ദ്രീയ വിദ്യാലയത്തില്‍  ജോലി ചെയ്യുന്ന കാലം. എന്റെ സ്കൂളിലെ ശിപായിമാരിലൊരാളായ ഗണേശ് എന്ന ബീഹാരിയാണ് തണുപ്പുള്ള ഒരു പ്രഭാതത്തില്‍ വാതിലില്‍  മുട്ടി എന്നെ ഉണര്‍ത്തിയത്‌…  തലേ ദിവസം പറഞ്ഞ പ്രകാരം ഛഠ പൂജ കാണാന്‍  ക്ഷണിക്കാനാണ് ഗണേശ് വന്നത്. മൂടല്‍ മഞ്ഞുള്ള ആ പ്രഭാതത്തില്‍ കോളനിയിലെ ബീഹാരി കുടുംബങ്ങളോടൊത്ത് അടുത്തുള്ള കുളത്തിലേക്ക്.
ഞാന്‍ പതിവായി ഈ കുളവക്കിലൂടെയാണ് ഒറീസക്കാരന്‍  മൊഹന്തി സാറിന്റെ കൂടെ നടക്കാന്‍  പോകാറ്. ചെളി നിറഞ്ഞ ഈ കുളത്തില്‍  എന്റെ സ്കൂളിലെ ഒരു വിദ്യാര്‍ഥി വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് മുങ്ങി മരിച്ചിരുന്നതായി കേട്ടിട്ടുണ്ട്. മുറത്തിലും, കൊട്ടകളിലും ആയി പഴ വര്‍ഗങ്ങള്‍  തലയില്‍  ചുമന്ന് നടക്കുന്ന ബീഹാരി കുടുംബത്തിലെ ഒരംഗം  പോലെ ഞാനും. കൊട്ടകള്‍  കുളക്കരയിലിറക്കി, വിളക്ക് വെച്ച്, പഴങ്ങള്‍ പൂജിച്ച്, ഉദയ സൂര്യനെ നോക്കി പ്രാര്‍ത്ഥിച്ച് എല്ലാവരും മടങ്ങി. ചെറുപ്പത്തില്‍  പത്താമുദയത്തിനു വിളക്ക് വെച്ച് ഉദയ സൂര്യനെ കൈ കൂപ്പി പ്രാര്‍ത്ഥിച്ചതോര്‍മ വന്നു.
തണുപ്പ് ദിവസം തോറും കൂടി വന്നു.അങ്ങിനെ ജനുവരിയിലെ ഒരു രാത്രിയില്‍ സ്വെറ്റര്‍ അലക്കി വരാന്തയില്‍ ഉണക്കാനിട്ട് അത്താഴം കഴിച്ച് ഞാന്‍ കിടന്നു. താഴത്തെ നിലയിലെ ക്വാര്‍ട്ടറായത് കൊണ്ട് അടുക്കളയിലെയും, ഹാളിലെയും, വരാന്തയിലെയും ലൈറ്റിട്ടിട്ടേ കിടക്കാറുള്ളൂ. ഇഴ ജന്തുക്കള്‍ അകത്ത് കയറാതിരിക്കാന്‍ എന്റെ പ്രിന്‍സിപ്പാള്‍ നിര്‍ദേശിച്ച പ്രതിവിധിയാണ്. ഈ കെട്ടിടത്തിലെ മുകളിലത്തെ ഒരു ക്വാര്‍ട്ടറൊഴിച്ചാല്‍ ബാക്കിയുള്ള രണ്ടെണ്ണവും ഒഴിഞ്ഞു കിടക്കുന്നു. തണുപ്പായതിനാല്‍ ജനലെല്ലാം അടച്ചിരുന്നു. രാത്രിയെപ്പോഴോ ആരോ പാട്ട് പാടുന്ന ശബ്ദം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു. എന്റെ ബെഡ് റൂമിന്റെ ജനാലയ്ക്കടുത്ത് ആരോ പാടുന്നു. പരുക്കന്‍ ശബ്ദം. ഞാന്‍ പേടിച്ച് ചുറ്റും നോക്കി. ഒരു നിമിഷം ആ ശബ്ദം മുറിക്കുള്ളില്‍ തന്നെയെന്ന് തോന്നി. ശ്വാസം അടക്കി ഞാനിരുന്നു. മെല്ലെ ആ ശബ്ദം അകന്നുപോയി. പേടിച്ച് വിറച്ച ഞാന്‍ സാവധാനം എഴുന്നേറ്റ് ഹാളിലേക്ക് നടന്നു. സമയം 2.45. അപ്പോളതാ അടുക്കളയുടെ ജനാലയില്‍ തട്ടി വീണ്ടും ആ പാട്ട്. ഒരു ഞെടുക്കത്തോടെ ഞാന്‍ അടുക്കള വാതിലിനടുത്ത് നിന്നു. ക്വാര്‍ട്ടറിന്റെ പിന്നാമ്പുറം മതിലുകെട്ടി ഉയര്‍ത്തിയതാണ്. അകത്തേക്ക് കടക്കാന്‍ ഒരു വാതില്‍. അകത്ത് പേര മരങ്ങളുണ്ട്. കോളനിയിലെ കുട്ടികള്‍ പേരയ്ക്കാ പറിക്കാന്‍ സ്ഥിരമായി വരുന്നിടം. ആ വാതില്‍ പഴകി തകർന്നിരിക്കുന്നു. അതിലൂടെ ആയിരുന്നിരിക്കണം ആ ശബ്ദത്തിന്റെ ഉടമ അടുക്കളയുടെ അടുത്തെത്തിയത്. ഞാന്‍ മെല്ലെ അടുക്കളയിലേക്ക് ചാഞ്ഞ് അവിടുത്തെ ലൈറ്റണച്ചു. ഹാളിലെ ലൈറ്റും അണച്ച് ബെഡ് റൂമിന്റെ വാതിലിനടുത്ത് നിന്നു. എല്ലാ വാതിലുകളും ഭദ്രമായടച്ചിരുന്നെങ്കിലും ഒരു അസുരക്ഷിതാവസ്ഥ!! ഭയം ഇരട്ടിയായി. ശ്രദ്ധിച്ചപ്പോള്‍ മനസിലായി ആ ശബ്ദം ഒരു സ്ത്രീയുടെതാണെന്ന്. എനിക്ക് വിയര്‍ക്കാന്‍ തുടങ്ങി. ആരായിരിക്കാം അത്?
മനസ്സ് പലയിടങ്ങളിലും ഓടിത്തിരഞ്ഞു. വീണ്ടും ആ പരുക്കന്‍ ശബ്ദം അകന്നു പോയി. ഞാന്‍ ഹാളിന്റെ മുന്‍ ഭാഗത്തെത്തി. വരാന്തയില്‍ ലൈറ്റിട്ട് വെച്ചതബദ്ധമായോ എന്നാലോചിച്ച് വരാന്തയിലേക്ക് തുറക്കുന്ന വാതിലിനടുത്തെത്തിയപ്പോഴേക്കും ആ ശബ്ദം വരാന്തയുടെ അടുത്തെത്തി. എന്നെ വിടാതെ പിന്തുടരുന്ന ആ പരുക്കന്‍ ശബ്ദത്തിനുടമയെ ഭീതിയോടെയെങ്കിലും ഒരു നോക്കു കാണാന്‍ ഞാന്‍ വാതില്‍ ദ്വാരത്തിലൂടെ നോക്കി. ജട പിടിച്ച മുടിയുള്ള സ്ത്രീ രൂപം!! വയറ്റില്‍ ഒരു കാളലോടെ ഞാന്‍ പിന്മാറി. ആ ശബ്ദം വീണ്ടും ശ്രദ്ധിച്ചു. വരാന്തയിലെ ഇരുമ്പു കമ്പികളില്‍ പിടിച്ചു കുലുക്കി ആ സ്ത്രീ ഞെരങ്ങിക്കൊണ്ടിരുന്നു. വാതില്‍ ദ്വാരത്തിലൂടെ വീണ്ടും നോക്കിയപ്പോള്‍ ഒരു വടി ഉപയോഗിച്ചവര്‍ എന്റെ സ്വെറ്റര്‍ കൈക്കലാക്കി. എന്റെ ഹൃദയമിടിപ്പ്‌ വേഗത്തിലായി. നടന്നകലുന്ന ആ ശബ്ദത്തെ പിന്തുടര്‍ന്ന് ഞാന്‍ ബെഡ് റൂമിലെത്തി ജനാലകള്‍ക്കിടയിലൂടെ നോക്കി. രണ്ടു കാലുകളും ഒന്നിച്ചു ബന്ധിച്ച ആ സ്ത്രീയെ ഞാനുടന്‍ തിരിച്ചറിഞ്ഞു. മാര്‍ക്കറ്റില്‍, റോഡരുകില്‍ അല്പവസ്ത്രധാരിയായി, നിലത്തിരുന്നും, എന്തോ തിരഞ്ഞും പതിവായി കാണാറുള്ള ഭ്രാന്തിയായ സ്ത്രീ!!! മൂടല്‍ മഞ്ഞിലൂടെ എന്റെ സ്വെറ്റര്‍ മാറോടണച്ച് ആ രൂപം നടന്നകന്നു. പിന്നെയെനിക്കുറക്കം വന്നില്ല. അവര്‍ എന്തിനായിരിക്കണം എന്റെ ക്വാര്‍ട്ടറിലേക്ക് ഈ രാത്രിയില്‍ വന്നത്? മനസ്സില്‍ ചോദ്യങ്ങള്‍ മത്സരിച്ചുയര്‍ന്നു. പക്ഷേ, മനസ്സിന്റെ വാതിലില്‍ ആവര്‍ത്തിച്ച് മുട്ടിയത് തലേന്ന് രാവിലെ ടൈംസ് ഓഫ് ഇന്ത്യയില്‍ വായിച്ച, എന്നെ ഏറെ സ്പര്‍ശിച്ച “ദ ഏജ് ഓഫ് ഫിലോസഫി: എ ക്രിട്ടിക്ക് ഓഫ് പ്യുര്‍ റീസണ്‍” (The Age of Philosophy: A Critique of Pure Reason) എന്ന ലേഖനം തന്നെ. അതെഴുതിയ ജുനാഗഡ് രാജകുടുംബത്തിലെ സുന്ദരിയായ യുവതിയാണ് ഹിന്ദി സിനിമാ രംഗത്ത് ക്യാമറയ്ക്ക് മുന്നിലും, പിന്നിലും പല നായകന്മാരുടെയും പ്രണയിനിയായതും, പലരാലും വഞ്ചിക്കപ്പെട്ട് ഒടുവില്‍ ഭ്രാന്തിയായി മുംബൈയിലെ തന്റെ ഫ്ലാറ്റിനകത്ത് മരിച്ച നിലയില്‍ കാണപ്പെടുകയും ചെയ്ത പര്‍വീണ്‍ ബാബി.  http://articles.timesofindia.indiatimes.com/2005-01-22/india/27842530_1_parveen-babi-body-injury-marks അവരുടെ മരണത്തെയും, ജീവിതത്തെയും സംബന്ധിക്കുന്ന വാര്‍ത്തകള്‍ കഴിഞ്ഞ നാലഞ്ചു ദിവസമായി എന്നെ വല്ലാതെ ഉലച്ചിരുന്നു. അവരെഴുതിയ മേല്പറഞ്ഞ ലേഖനം കൂടി വായിച്ചപ്പോള്‍ എന്തോ ആ ആത്മാവിനോട് നേരിട്ട് സംവദിക്കാന്‍ കഴിയാത്തതില്‍ വല്ലാത്ത വിഷമം തോന്നിയിരുന്നു. മനസ്സിലെ ഭാരം ഇറക്കിവെയ്ക്കാന്‍ വിശ്വസ്തമായ ഒരു മനസിനെ തേടി വ്യര്‍ത്ഥമായവസാനിച്ച ജീവിതമായിരുന്നു അവരുടേത്. എന്തോ, നേരില്‍ കണ്ടിരുന്നെങ്കില്‍ അല്പനേരത്തേക്കെങ്കിലും ഒരു ചുമടു താങ്ങിയാകാമായിരുന്നുവെന്ന് ആത്മാര്‍ത്ഥമായാഗ്രഹിച്ചാണ് ഞാനാ ദിവസവും തള്ളി നീക്കിയത്. http://articles.timesofindia.indiatimes.com/2005-01-25/edit-page/27835518_1_philosophy-logical-analysis-search തന്റെ ലേഖനത്തില്‍ “സ്വത്വാന്വേഷണമാണ് യഥാര്‍ത്ഥ ഫിലോസഫി” എന്നവര്‍ വാദിക്കുന്നു. മനുഷ്യ നന്മയ്ക്കായി ദാഹിച്ച കലുഷ മനസ്സിനോട് തോന്നിയ തന്മയീഭാവത്തിന്റെ തരംഗങ്ങള്‍ ആ ആത്മാവറിഞ്ഞുവോ? എന്റെ ക്വാര്‍ട്ടറില്‍ വന്ന ഈ ഭ്രാന്തിയിലൂടെ ആ സന്ദേശമറിയിക്കുകയായിരുന്നോ അവര്‍?? മുറിയ്ക്കകത്ത് നമ്മെ തടങ്കലിലാക്കുന്ന ഈ കൊടും ശൈത്യത്തിലെന്ന പോലെ കാപട്യത്തിന്റെയും, വിശ്വാസ വഞ്ചനയുടെയും കൊടും തണുപ്പില്‍ ഒറ്റപ്പെട്ട് തന്റെ ഫ്ലാറ്റിലേക്ക് ഒരു വീട്ടു തടങ്കലിലെന്ന പോലെ ഒതുങ്ങേണ്ടി വന്ന ജീവിതം!! സ്വന്തം മനോവികാരങ്ങളെയും, ചിന്തകളെയും പങ്കിടാനാവാതെ അലഞ്ഞിരുന്ന പീഡിതമായ ആ ആത്മാവിന് എന്റെ സ്വെറ്റര്‍ ഒരു സ്നേഹ സാന്നിധ്യത്തിന്റെ ഊഷ്മളത നല്കിയിരിക്കാം. നങ്കൂരമില്ലാത്ത മനസ്സുകള്‍ പ്രക്ഷുബ്ധമായിരിക്കുമെന്ന് ഏതൊരു മനുഷ്യ സ്നേഹിയ്ക്കും അറിയാവുന്ന സത്യമാണ്. നങ്കൂരം ഒരു സുഹൃത്തോ, ബന്ധുവോ, ഒരു പ്രത്യയ ശാസ്ത്രമോ ആകാം. തന്റെ ജീവിതത്തില്‍ താന്‍ കണ്ട  കുറ്റമറ്റ, പൂര്‍ണത കൈവരിച്ച ഏക മനുഷ്യന്‍ ശ്രീ യു.ജി.കൃഷ്ണ മൂര്‍ത്തിയാണെന്ന് പര്‍വീണ്‍ ഒരിടത്ത് എഴുതിയിരുന്നു.യു.ജിയുടെ സാന്നിധ്യം പര്‍വീണിന്റെ മാനസിക നില കുറച്ചു നാളത്തേക്ക് മെച്ചപ്പെടുത്തിയിരുന്നുവെന്ന് ഞാനും വായിച്ചറിഞ്ഞിരുന്നു. http://sulochanosho.files.wordpress.com/2008/04/parveen_ug.pdf
ബാംഗ്ലൂരില്‍ ചന്ദ്രശേഖര്‍ ബാബുവിന്റെ വീട്ടില്‍ യു.ജി.വന്നതറിഞ്ഞ് ഫോണ്‍ ചെയ്ത എനിക്ക് അദ്ദേഹവുമായി സംസാരിയ്ക്കാനുള്ള ഭാഗ്യം വര്‍ഷങ്ങള്‍ക്കു മുമ്പ് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിച്ചിരുന്ന എനിയ്ക്ക് അതൊരസുലഭ മുഹൂര്‍ത്തമായിരുന്നു. പിറ്റേ ദിവസം താന്‍ വിദേശത്തേക്ക് തിരിച്ചു പോവുകയാണെന്ന് അദ്ദേഹം അറിയിച്ചതിനാല്‍ കാണാനുള്ള അവസരം ലഭിച്ചില്ല. യു.ജി.യുമായുള്ള സംഭാഷണങ്ങള്‍ പുസ്തകമാക്കി ഇറക്കിയത് ഹിന്ദി സിനിമാ സംവിധായകന്‍ മഹേഷ്‌ ഭട്ട് ആണ്. മഹേഷ്‌ ഭട്ടും, പര്‍വീണും ഏറെക്കാലം പ്രണയത്തിലായിരുന്നു.
ജനുവരി രാത്രിയിലെ ഈ അസാധാരണ അനുഭവം യുക്തിയടിസ്ഥാനത്തില്‍ ആരും അംഗീകരിക്കുകയോ, സ്വീകരിക്കുകയോ ചെയ്യില്ലായിരിക്കാം. പക്ഷെ, ഏതു മനസ്സിന്റെയും ആത്മാര്‍ത്ഥ വാഞ്ചകള്‍ക്ക്, രോദനങ്ങള്‍ക്ക് ഒരു കേള്‍വിക്കാരനുണ്ടാകുമെന്ന് എന്റെ മനസ്സെന്നോട് ആവര്‍ത്തിച്ച് പറഞ്ഞു. മദ്രാസ് യാത്രയിലൊരിക്കല്‍ ട്രെയിനിലുണ്ടായിരുന്ന ഒരു സ്ത്രീയെ കടന്നല്‍ കുത്തിയപ്പോള്‍ വേദനിച്ച എന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കല്യാണ സ്ഥലത്തവര്‍ തിരിച്ചറിഞ്ഞതെന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. യുക്തിയുടെ രഥ്യകളില്‍ ഞാന്‍ നടത്തിയ സഞ്ചാരങ്ങള്‍ക്കൊന്നും ഫലമുണ്ടായില്ല. അടുത്ത വര്‍ഷം എന്റെ സ്ഥലം മാറ്റം വരുന്നതു വരെ ഒരിക്കല്‍ പോലും ഭ്രാന്തിയായ ആ സ്ത്രീ എന്റെ ക്വാര്‍ട്ടറിലോ, കോളനിയിലോ വന്നതായി കണ്ടില്ല!!! എന്റെ സഹ പ്രവര്‍ത്തകയായ ഒരു ബംഗാളി മാഡത്തോട് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് ആ സ്ത്രീ വിവാഹിതയും, ഒരു പെണ്‍ കുട്ടിയുടെ അമ്മയാണെന്നുമാണ്. തന്റെ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചുപേക്ഷിച്ച ശേഷമാണത്രേ ഈ മനോ നിലയിലായത്.
സില്‍വിയാ പ്ലാത്തിന്റെ “കണ്ണാടി” എന്ന കവിതയിലെ സ്ത്രീയുടെ അന്വേഷണം പോലെ നമുക്ക് ചുറ്റും എത്രയെത്ര മനസ്സുകളാണ് തുറന്നു സംവദിക്കാനാവതെ വിങ്ങുന്നത്? മനസിന്റെ നിശാ നിഗൂഡതയില്‍ എത്രയാണ് ഇനിയും നമുക്ക് പറയാന്‍, അറിയാന്‍ ബാക്കിയുള്ളത്? വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും, ശ്വാസമടക്കപ്പെട്ട ഒരു ചില മനസ്സുകളുടെ രോദനം വീണ്ടും വീണ്ടും നമ്മുടെ മാധ്യമങ്ങളിലും, നീതി പീഠങ്ങളിലും മുഴങ്ങുന്നത് മറ്റെന്തു കാരണത്താലാണ് ?? —-by സന്തോഷ്‌ കുമാര്‍ കാനാ   http://somatmika.blogspot.com/2012/01/raat-baaki-baat-baaki.html ഈ ലേഖനം എന്റെ ബ്ലോഗില്‍ വായിച്ച് മഹേഷ്‌ ഭട്ട് എന്നെ ബാംഗ്ലൂരിലെ ഹോട്ടല്‍ അശോകില്‍ ഉച്ച ഭക്ഷണത്തിന് ക്ഷണിച്ചു. രണ്ടോ മൂന്നോ മണിക്കൂര്‍ അദ്ദേഹവുമായി പല വിഷയങ്ങളെപ്പറ്റിയും സംസാരിച്ചു. ഇറങ്ങുമ്പോള്‍ സ്നേഹത്തോടെ അദ്ദേഹം ആവര്‍ത്തിച്ചു: “സന്തോഷ്‌, നിങ്ങള്‍ ഇനിയും എഴുതണം. എല്ലാ ഭാവുകങ്ങളും”.