ഇന്നലെ രാത്രി കണ്ട സ്വപ്നം സഫലമാകില്ലെന്നറിയാം. പച്ച കുന്നിൻ ചരിവിലൂടെ വെളുത്ത കുതിരമേൽ വന്ന് എന്നെ കൈ പിടിച്ചുയർത്തി സാന്ധ്യ സൂര്യന്റെ പശ്ചാത്തലത്തിലേയ്ക്ക് മായുന്ന പതിവ് കാഴ്ചയല്ല. ഒരു ട്രെയിൻ യാത്രയിൽ തുടങ്ങുന്ന പരിചയം ഒരു സൌഹൃദമായി വളർന്ന് പ്രണയത്തിലും, വിവാഹത്തിലും കലാശിക്കുന്ന ഒരു സാധാരണ സ്വപ്നം. സ്വപ്നങ്ങളെ സാധാരണവും, അസാധാരണവുമാക്കുന്നതെന്താണ്? ആ നീണ്ട സ്വപ്നം കഴിഞ്ഞിട്ടും എന്തോ എന്റെ മനസ്സ് പതിവുപോലെ ചിന്തകളിലൂടെ സഞ്ചരിച്ചു. ഇന്നലെ എന്റെ സഹപാഠി വത്സലയുടെ വിവാഹമായിരുന്നു. വിവാഹങ്ങളിൽ പങ്കുചേരാൻ എനിക്ക് പൊതുവെ താല്പര്യക്കുറവുണ്ട്. വധുവിനെയും, വരനെയും പുതിയതായി പുറത്തിറങ്ങിയ ഒരു സിനിമയെപ്പോലെ വിമർശനവിധേയമാക്കുകയാണ് പലരുടെയും പ്രിയ വിനോദം. പിന്നെ ഒട്ടിച്ചു വെച്ച ചിരിക്കും, അഭിനന്ദന വാക്കുകൾക്കുമപ്പുറം അസൂയയിൽ നീറുന്ന മനസ്സുകളുടെ വീർപ്പുമുട്ടിക്കുന്ന സാന്നിധ്യം. “നീയും വേഗം നോക്ക്” എന്ന് അമ്മയുടെ ബന്ധത്തിൽപ്പെട്ട ഒരമ്മായി പറഞ്ഞപ്പോൾ വല്ലാത്ത വേദന തോന്നി. ഇതു പോലുള്ള അമ്മായി വർത്താനങ്ങൾ വിവാഹ വേളകളിൽ കേട്ടു മടുത്തെങ്കിലും വേദന കുറയുന്നില്ല. എന്തോ, വിവാഹം മാത്രമാണ് ഒരു പെണ്ണിൻറെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന തോന്നൽ എന്നിലും തോന്നി തുടങ്ങിയിരിക്കുന്നു!!! പക്ഷേ, എന്റെ ശരീര പ്രകൃതി അതിന് തടസ്സമാണെന്ന് ആദ്യമായി കുത്തുവാക്കുകളിലൂടെ പറഞ്ഞത് എൻറെ അമ്മ തന്നെയാണ്. “നിന്നെപ്പോലെത്തെ തടിച്ചികൾക്ക് എവിടുന്ന് ചെക്കനെ കിട്ടാൻ?” എന്റെ അനിയത്തിയുടെ കല്യാണത്തിനാണ് ഞാൻ ഏറ്റവും വേദനിച്ചത്‌. അന്നൊരുപക്ഷെ ഏറ്റവും അധികം സഹതാപം പിടിച്ചു പറ്റിയ മറ്റൊരാൾ എന്റെ വീട്ടിൽ ഉണ്ടായിക്കാണില്ല. സഹതാപങ്ങൾക്ക് താപം അല്പം കൂടും, കുത്തുവാക്കിന്റെ സ്വഭാവമാണെങ്കിലും. പാവം അച്ഛൻ!! അന്ന് അനിയത്തിയെ കെട്ടിപ്പിടിച്ച് യാത്രയാക്കുമ്പോൾ കരഞ്ഞത് മുഴുവൻ എനിക്ക് വേണ്ടിയായിരുന്നുവെന്ന് മറ്റാർക്കുമറിയില്ല. റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ പാടിത്തന്നിരുന്ന “വണ്ടീ ..വണ്ടീ …നിന്നെപ്പോലെ ഉള്ളിലെനിയ്ക്കും തീയാണ്..”  എന്ന പാട്ട് എത്ര അന്വർത്ഥമാണ്. അനിയത്തിയുടെ വിവാഹം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോഴാണ് അച്ഛൻ മരിച്ചത്. ആഘോഷങ്ങളെ അധികം സ്നേഹിച്ചിരുന്നില്ല അച്ഛൻ. അത് ശരിവെയ്ക്കും പോലെ ഒരു വിഷുക്കാലത്താണ് കണിക്കൊന്ന പൂത്തു നിന്ന പറമ്പിന്റെ ഒരു കോണിൽ അച്ഛനെ ഞങ്ങൾ യാത്രയാക്കിയത്. “ശിവരാമേട്ടന് ഒരു ചെറിയ നെഞ്ച് വേദന” അച്ഛന്റെ സഹപ്രവർത്തകൻ അറിയിച്ച പ്രകാരം ഞങ്ങൾ ആശുപത്രിയിലെത്തി. എന്റെ കൈ പിടിച്ച് അന്ത്യ ശ്വാസം വലിക്കുമ്പോൾ ആ കണ്ണുകളിൽ നനവുണ്ടായിരുന്നു. അതെനിയ്ക്ക് വേണ്ടിയായിരുന്നു, സഫലമാകാത്ത ഒരു സാധാരണ സ്വപ്നത്തിനുവേണ്ടി. എന്റെ അനിയത്തിയ്ക്ക് എന്നേക്കാൾ അഞ്ചു വയസ്സ് കുറയും. വെളുത്ത്, മെലിഞ്ഞ ശരീരം. അവൾക്ക് മുത്തശ്ശിയുടെ ഭംഗിയാണെന്ന് എല്ലാരും പറയും. ബാംഗ്ലൂരിലുള്ള അമ്മാവന്റെ എം ബി എ യ്ക്ക് പഠിക്കുന്ന മകൻ ഒരവധിക്കാലത്ത് നാട്ടിൽ വന്നപ്പോൾ ഞങ്ങളുടെ വീട്ടിൽ തങ്ങിയ രണ്ടു നാളുകളിലാണ്‌ എന്റെ അനിയതിക്കാണ് ഒരുത്തമ സ്ത്രീയുടെ ലക്ഷണങ്ങളെന്ന് ഞാൻ വേദനയോടെ മനസ്സിലാക്കിയത്. അത്താഴ നേരത്ത് ടേബിളിനടിയിലൂടെ അവരുടെ കാലുകൾ സംസാരിയ്ക്കുന്നത് ഞാൻ കണ്ടു. ഞാൻ അന്ന് ഗ്രാജുഎഷന് പഠിക്കുന്ന കാലം. ബാത്ത് റൂമിലെ കണ്ണാടിയിൽ നോക്കി സ്വയം ശപിച്ച നാളുകൾ. വത്സലയും, ഞാനും പ്രീ ഡിഗ്രി മുതലേ കോളേജിൽ ഒന്നിച്ചു പഠിച്ചവരാണ്. അതു കൊണ്ടു തന്നെ അവളുടെ വിവാഹത്തിൽ കൂടാതിരിക്കാൻ നിവൃത്തിയില്ല. പ്രീ ഡിഗ്രിയ്ക്ക് പഠിക്കുമ്പോളാണ് പ്രണയത്തിന്റെ ആദ്യ പ്രതീക്ഷകൾ മനസ്സിൽ മുള പൊട്ടിയത്. കോളേജ് മാഗസിനിൽ ഞാനെഴുതിയ “മഴയുടെ കണ്ണീർ” എന്ന കവിത വായിച്ച് ഡിഗ്രിയ്ക്ക് പഠിച്ചിരുന്ന ബിജു എന്നെ അഭിനന്ദിച്ചു. കാന്റീനിൽ പോയി ചായ കുടിച്ചിരുന്ന് ഞങ്ങൾ ഏറെ നേരം സംസാരിച്ചു. ബിജുവിന് സ്ത്രീപക്ഷ എഴുത്തുകളോട് വലിയ താല്പര്യമാണ്. സിനിമയെക്കുറിച്ചും, സാഹിത്യത്തെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും നീണ്ട സംസാരങ്ങളിലും, സംവാദങ്ങളിലും ബിജുവുമായി…… പ്രഭാതത്തെ ഞാൻ പ്രതീക്ഷകളോടെ കാത്തുനിന്നു. അന്ന് കോളേജ് എന്നാൽ ബിജുവും, ഒരുമിച്ചുള്ള സമയവും മാത്രം. ബിജു എന്നെ സ്നേഹിച്ചിരുന്നു, എനിക്കറിയാം. സിഗരറ്റിന്റെയും, മൂത്രത്തിന്റെയും നാറ്റമടിക്കുന്ന മൂത്രപ്പുരയുടെ പിന്നിൽ വെച്ച് ആദ്യം എന്റെ കൈ പിടിച്ചത് ഏതോ ഒരു സ്നേഹ സംഭാഷണം വാക്കുകളുടെ പരിമിതി അറിഞ്ഞപ്പോഴാണ്. പ്രണയത്തിൽ ശരീര സ്പർശത്തിന് തീർച്ചയായും വലിയ സ്ഥാനമുണ്ട്. അത് രണ്ടു കാലുകൾ തമ്മിലോ, കൈകൾ തമ്മിലോ മാത്രം മതി. പ്രണയത്തിന്റെ ലഹരിയിൽ എന്റെ ശരീരം ചെറുതായി. പാവം ബിജു!!! അവന്റെ അച്ഛനും, അമ്മയ്ക്കും ഒരു പക്ഷെ എന്റെ സ്ഥൂല ശരീരം മാത്രമാണ് കാഴ്ചയിൽപ്പെട്ടത് അതു കൊണ്ടു തന്നെ ബിജുവിന് “ഗുഡ് ബൈ” യും “വിത്ത് ലൗ” ഉം ഒരേ കാർഡിൽ ഒതുക്കേണ്ടി വന്നു. കരഞ്ഞ്, കരഞ്ഞ് മനസ്സ് മടുത്തു. കഴിഞ്ഞയാഴ്ച വാലന്റീൻ ദിനത്തിൽ ഈ പ്ലാറ്റ്ഫൊർമിൽ പല ബെഞ്ചുകളിലായി കമിതാക്കളുടെ തിരക്കായിരുന്നു. Clerical ജോലിയുടെ മടുപ്പിനിടയിൽ ജനാലയിലൂടെ നോക്കിയപ്പോൾ കണ്ടത് ടൈറ്റ് ആയ ജീൻസിലും, ടോപ്പിലും തെളിഞ്ഞ ശരീര വടിവിൽ മുഖമമർത്തുന്ന ഒരു പയ്യനെയാണ്. എന്റെ ശരീരമൊന്നുണർന്നു. മുലക്കണ്ണുകൾ ഒരു വിരൽ സ്പർശത്തിന് കൊതിച്ചു. ആർത്തവത്തിൻറെതല്ലാത്ത നനവ് ഞാൻ വീണ്ടുമറിഞ്ഞു. ആർത്തവം ഒരു വിഫല സ്വപ്നം പോലെയാണിന്ന്. ആർത്തവ രാത്രികളിൽ ഞാൻ വല്ലാതെ അസ്വസ്ഥയാകും. ആർക്കും വേണ്ടാത്ത ചോര ചിന്തൽ. നീ നിന്റെ ശരീരം മാത്രമാണെന്ന് സ്ത്രീയെ സമൂഹം ഓരോ നിമിഷവും ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നു. സ്ത്രീയുടെ മനസ്സിന്റെ ഭാരം, ആഴം താങ്ങാൻ ശക്തിയുള്ള പുരുഷന്മാരെ ഞാൻ കണ്ടിട്ടില്ല. അങ്ങിനെയൊന്ന് ഞാനിന്ന് ആഗ്രഹിക്കുന്നില്ല. അത് വെറുമൊരു സ്വപ്നം മാത്രമായിരിയ്ക്കും !!! –സന്തോഷ്‌ കുമാർ കാനാ (an attempt to feel like a woman)