-യോദ്ധാ സിനിമയുമായി വീണ്ടുമൊരു  യാത്ര  (a journey to Yodha location in Kerala: Thaiparambil Asokan’s House)

“യോദ്ധാ” (Yodha) എന്ന സിനിമ എത്ര വർഷങ്ങൾ കഴിഞ്ഞാലും പുതുമയുടെ കുളിർമ നൽകുന്ന എന്തോ ഒരു മാജിക് കാത്തുസൂക്ഷിക്കുന്ന സിനിമയാണ്. യോദ്ധാ-യുമായി ഞാൻ നടത്തിയ യാത്രകളും, കണ്ടെത്തലുകളും വർഷങ്ങൾ കഴിയുന്തോറും പുതിയ ചില കണ്ടെത്തലുകളും, ഓർമപ്പെടുത്തലുകളുമായി എന്റെ വ്യകതി ജീവിതത്തിലും, സർഗജീവിതത്തിലും സജീവമാകുന്നതെന്തുകൊണ്ടെന്ന് ഞാനെപ്പോഴും അത്ഭുതപ്പെടുന്നു. 

ലാലേട്ടനും, ജഗതി ശ്രീകുമാറും അഭിനയത്തിന്റെ പോർക്കളം തീർത്ത യോദ്ധാ-യുടെ നേപ്പാൾ ഭാഗങ്ങൾ മാറ്റി നിർത്തിയാൽ, ബാക്കി മുഴുവനും കേരളത്തിലെ ഒരു പാലക്കാടൻ ഗ്രാമത്തിലായിരിക്കുമെന്ന വിശ്വാസത്തോടുകൂടി ഞാൻ നടത്തിയ അന്വേഷണം എന്നെ എത്തിച്ചത് നഗരത്തിൽ നിന്നും പത്തോ പതിനഞ്ചോ കിലോമീറ്റർ ദൂരെ ഒരു ഗ്രാമത്തിലാണ്. തൈപ്പറമ്പിൽ അശോകന്റെ വീട്ടിൽ! 

ദൂരെ നേപ്പാളിലേക്ക്, ബുദ്ധ സന്യാസി റിംപോച്ചയുടെ രക്ഷകനായി അശോകനെ എത്തിക്കാനുള്ള ആത്മീയവും, ഭൗതികവുമായ സംഭവങ്ങൾക്കും സാഹചര്യങ്ങൾക്കും പശ്ചാത്തലമായ ഗ്രാമം.  

1992-ൽ പുറത്തിറങ്ങിയ “യോദ്ധാ” എന്ന സിനിമയിലെ ‘പടകാളി ചണ്ഡീ ചങ്കരി..’ എന്ന പാട്ടു മത്സര രംഗം ചിത്രീകരിക്കാൻ എത്തിയ യോദ്ധാ ടീം ചെങ്കാട്ടൂർ അയ്യപ്പൻ കാവിന്റെ മുന്നിലുള്ള മൈതാനത്ത് ചിത്രീകരണം ചെയ്യുന്നതിന്റെ ഇടവേളയിൽ അടുത്തുള്ള ‘രാമ നിലയം’ (Ramanilayam) എന്ന വീട്ടിൽ അൽപനേരം വിശ്രമിക്കാനെത്തിയതാണ് നിമിത്തമായി മാറിയത്. വീടിഷ്ടപ്പെട്ട സംവിധായകൻ സംഗീത് ശിവൻ (Sangeeth Sivan) അത് തൈപ്പറമ്പിൽ അശോകന്റെ വീടാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു. 

അന്ന് യോദ്ധാ സംഘത്തിന് നൽകിയ സ്നേഹത്തിന്റെ അതേ ഊഷ്മളതയോടെ ‘രാമനിലയ’ത്തിലെ വീട്ടിൽ ശ്രീമതി വസുമതി അമ്മയും, മകൾ അമ്പിളിയും, പേരക്കുട്ടികളും എന്നെ സ്വീകരിച്ചു. ലാലേട്ടൻ അവിസ്മരണീയമാക്കിയ തൈപ്പറമ്പിൽ അശോകന്റെ വീട്. ഷൂട്ടിംഗ് കാലങ്ങളെ എല്ലാവരും ഓർത്തെടുത്തു. 

“ഇതാണ് മോഹൻലാൽ കിടന്ന ബെഡ്ഡും, ബെഡ് റൂമും”, അമ്പിളിച്ചേച്ചി  സ്നേഹത്തോടെ മുറി കാണിച്ചു തന്നു.

“സിനിമയിൽ ഒരു സ്വപ്നം കണ്ട് ഞെട്ടി ലാലേട്ടൻ വീഴുന്നതും ഈ കട്ടിലിൽ കിടന്നാണ്. നാലോ, അഞ്ചോ ദിവസം ഈ വീട്ടിൽ വിവിധ രംഗങ്ങൾ ചിത്രീകരിച്ചു. ഉത്സവ പ്രതീതിയുടെ നാളുകൾ. സുകുമാരി, മീന, ജഗന്നാഥ വർമ്മ, ജഗതി, ബീന ആന്റണി പിന്നെ സാക്ഷാൽ ലാലേട്ടൻ എന്നിവരെ അടുത്ത് കാണാനും, സംസാരിക്കാനും കഴിഞ്ഞത് എത്ര ഭാഗ്യം.”

“ആ ഭാഗ്യം എനിക്കുണ്ടായില്ല” എന്ന് അമ്പിളിച്ചേച്ചിയുടെ മകൻ ഹരി നെടുവീർപ്പിട്ടു. അന്ന് ചെറിയ കുട്ടിയായിരുന്ന ഹരിയുടെ ചേച്ചി മീരയ്ക്ക് ആ കാലങ്ങളെക്കുറിച്ച് മങ്ങിയ ഓർമകളേയുള്ളൂ. പക്ഷേ, തന്റെ സുഹൃത്തുക്കളോട് യോദ്ധാ-യിലെ ലാലേട്ടന്റെ വീട് എന്റെ വീടാണെന്ന് പറയുമ്പോൾ കിട്ടുന്ന പ്രാധാന്യം മീര ഏറെ ആസ്വദിക്കാറുണ്ട്.

അപ്പോഴേക്കും അമ്പിളിച്ചേച്ചി പഴയ ഒരാൽബവുമായി വന്നു. യോദ്ധാ സിനിമയെ തിരശീലയിൽ അനശ്വരമാക്കിയ കലാകാരോടൊത്തുള്ള സുരഭിലമായ നിമിഷങ്ങൾ. 

“നമ്മുടെ വീടിന്റെ മുൻഭാഗത്തെ മേൽക്കൂര കോൺക്രീറ്റ് കൊണ്ടായതിനാൽ അകത്തുള്ള രംഗങ്ങളേ ഇവിടെ ചിത്രീകരിച്ചുള്ളൂ. വീടിന്റെ പുറത്തു നിന്നുള്ള ദൃശ്യങ്ങൾ അല്പം ദൂരെയുള്ള മറ്റൊരു വീട്ടിലാണ് ഷൂട്ട് ചെയ്തത്. തൈപ്പറമ്പിൽ അശോകന്റെ ഭാവി പ്രവചിക്കുന്ന പക്ഷി ശാസ്ത്രക്കാരന്റെ രംഗമോർത്തു നോക്കൂ. അതാണ് ആ വീട്, പത്മാ നിവാസ്”. 

അമ്പിളിച്ചേച്ചി ഇത്രയും പറഞ്ഞപ്പോഴേക്കും സിനിമയിൽ സന്തോഷ് ശിവന്റെ (Santhosh Sivan) അദ്ഭുതകരമായ ഓരോ ദൃശ്യത്തിന്റെയും സൗന്ദര്യം മനസ്സിൽ തെളിഞ്ഞുവന്നു. 

കല്ലേക്കുളങ്ങരയും, പരിസരവും, മലമ്പുഴയും, പശ്ചിമ ഘട്ടത്തിന്റെ പ്രൗഢമായ പശ്ചാത്തലങ്ങളുമൊക്കെ യോദ്ധായിലെ കേരളവും, നേപ്പാളുമൊക്കെയായി അവിശ്വസനീമായി മാറ്റിയ ഇടങ്ങളൊക്കെ ഞാൻ പോയിക്കണ്ടിരുന്നു. ആ ചിത്രങ്ങൾ എന്റെ ക്യാമറയിൽ ഞാൻ അവരുമായി പങ്കുവെച്ചു. 

“നിങ്ങളെ ഇതിലെക്കൊക്കെ നയിച്ച അതേ അത്ഭുത ശക്തി തന്നെയാണല്ലോ നേപ്പാളിൽ പോയി ഉണ്ണിക്കുട്ടനെ കണ്ടെത്താനും വഴികാണിച്ചത്. ഞങ്ങൾ അതൊക്കെ ടി വി യിൽ കണ്ടിരുന്നു”, 

എന്ന് അമ്പിളിച്ചേച്ചി പറഞ്ഞപ്പോൾ ഒരു സിനിമയുമായുള്ള വിചിത്രമായൊരു അനുഭവത്തിന്റെ ദീർഘവും, അനന്തവുമായ ശൃംഖലയെ മറ്റൊരു തലത്തിൽ അവർ മനസിലാക്കിയത് എന്നെ ഏറെ സന്തോഷിപ്പിച്ചു. ഇത് വെറും ഒരു ആരാധകന്റെ യാത്രയല്ല, അതിനപ്പുറം എന്തോ ഒരു അവാച്യമായ ബന്ധത്തിന്റെ ആകസ്മിക അനുഭവങ്ങളുടെ കഥയാണ്. 

വീട്ടിലുണ്ടാക്കിയ ഉണ്ണിയപ്പം എനിക്ക് ചായയോടൊപ്പം തന്നപ്പോൾ വസുമതിയമ്മ നിഷ്കളങ്കമായ ചിരിയോടെ കൂട്ടിച്ചേർത്തു:

“നമ്മുടെ ഈ വീട്ടിലെ അടുക്കളയിലാണ് അശോകനുവേണ്ടി സിനിമയിലെ സുമതിയമ്മ ഉണ്ണിയപ്പം ഉണ്ടാക്കിയത്”.

                                                           –സന്തോഷ് കാനാ (Santhosh Kana)

This article has been published on www.manoramaonline.com

https://www.manoramaonline.com/travel/travel-kerala/2020/05/21/travel-to-yoddha-shooting-location.html